| Saturday, 22nd November 2025, 9:27 pm

ക്യാപ്റ്റനായി സഞ്ജു, ഒപ്പം ചേട്ടനും വിഘ്നേഷും; കേരള ടീം തയ്യാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും. അഹമ്മദ് ഇമ്രാനാണ് വൈസ് ക്യാപ്റ്റന്‍. ടൂര്‍ണമെന്റിനായി 18 അംഗ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരള ക്രിക്കറ്റ് ലീഗിലും രഞ്ജി ട്രോഫിയിലും തിളങ്ങിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ക്യാപ്റ്റനായ മുഹമ്മദ് അസ്‌റുദ്ദീന്‍, ടൂര്‍ണമെന്റില്‍ തിളങ്ങിയ നിധീഷ് എം. ഡി എന്നിവര്‍ ടീമിലുണ്ട്. സഞ്ജുവിന്റെ സഹോദരന്‍ സാലി സാംസണ്‍, ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വിഘ്നേശ് പുത്തൂര്‍ എന്നിവരും ടീമില്‍ ഇടം പിടിച്ചു.

ഇത് ആദ്യമായാണ് വിഘ്നേശ് കേരള ടീമില്‍ ഇടം പിടിക്കുന്നത്. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച് താരം ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.തന്റെ ഐ.പി.എല്‍ അരങ്ങേറ്റ മത്സരത്തില്‍ താരം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മൂന്ന് വിക്കറ്റ് നേടി ശ്രദ്ധ നേടിയിരുന്നു. സീസണിനിടെ പരിക്കേറ്റ് വിഘ്നേശ് അഞ്ച് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്.

അതേസമയം, കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനത്തില്‍ മികവാണ് സാലി സാംസണിന് ടീമിലേക്ക് വഴിയൊരുക്കിയത്. താരം ടൂര്‍ണമെന്റില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ കിരീടമണിയിച്ചിരുന്നു.

നവംബര്‍ 26നാണ് മുഷ്താഖ് അലി ടി – 20 ടൂര്‍ണമെന്റ് ആരംഭിക്കുക. ഒഡീഷ, റെയില്‍വേസ്, ഛത്തീസ്ഗഡ്, വിദര്‍ഭ, മുംബൈ, ആന്ധ്ര പ്രദേശ്, അസം എന്നീ ടീമുകള്‍ക്കൊപ്പം എലീറ്റ് ഗൂപ്പ് എയിലാണ് കേരള ടീം.

സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള കേരള ടീം

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്‌റുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍ (വൈസ് ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), കൃഷ്ണ ദേവന്‍, അബ്ദുല്‍ ബാസിത്ത്, സാലി സാംസണ്‍, സല്‍മാന്‍ നിസാര്‍, കൃഷ്ണ പ്രസാദ്, സിബിന്‍ പി. ഗിരീഷ്, അങ്കിത് ശര്‍മ, അഖില്‍ സ്‌കറിയ, ബിജു നാരായണന്‍, ആസിഫ് കെ.എം, നിധീഷ് എം. ഡി, വിഘ്നേഷ് പുത്തൂര്‍, ഷറഫുദ്ദീന്‍

Content Highlight: Sanju Samson is captain of Kerala Cricket Team for Syed Musthaq Ali Trophy; Saly Samson and Vignesh Puthur included

We use cookies to give you the best possible experience. Learn more