| Thursday, 30th April 2026, 8:00 pm

ആദ്യ പന്ത് വിധിയെഴുതും! എല്‍ ക്ലാസിക്കോയില്‍ വമ്പന്‍ റെക്കോഡ് തൂക്കാന്‍ സഞ്ജു

Sudev A

ഐ.പി.എല്ലില്‍ ഒമ്പതാം മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണും ചെന്നൈ സൂപ്പര്‍ കിങ്‌സും. ചിരവൈരികളായ മുംബൈ ഇന്ത്യന്‍സാണ് സ്വന്തം തട്ടകമായ ചെപ്പോക്കില്‍ മത്സരത്തില്‍ ചെന്നൈയുടെ എതിരാളികള്‍. മെയ് രണ്ടിനാണ് എല്‍ ക്ലാസിക്കോ പോരാട്ടം നടക്കുന്നത്.

വാംഖഡെയിലെ മത്സരത്തില്‍ മുംബൈക്കെതിരെ നേടിയ കൂറ്റന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാവും യെല്ലോ ആര്‍മി കളത്തിലിറങ്ങുക.മിന്നും ഫോമിലുള്ള സഞ്ജുവില്‍ തന്നെയാണ് ചെന്നൈയുടെ എല്ലാ പ്രതീക്ഷകളും. ഇതുവരെ എട്ട് മത്സരങ്ങളില്‍ നിന്നും 304 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.

സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറികളും സഞ്ജുവിന്റെ പേരിലുണ്ട്. മുംബൈക്കെതിരെ നേരിടുന്ന ആദ്യ പന്ത് മുതല്‍ തകര്‍ത്തടിക്കുകയാണെങ്കില്‍ ഈ സീസണില്‍ കൈപ്പിടിയിലാക്കിയ നേട്ടം അവര്‍ത്തിക്കാനും സഞ്ജുവിന് അവസരമുണ്ട്.

ഐ.പി.എല്ലില്‍ ഒരു ഇന്നിങ്സിലെ ആദ്യ പന്തില്‍ സിക്സര്‍ നേടുന്ന നേട്ടം ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലാണ് സഞ്ജു ആദ്യ പന്തില്‍ സിക്‌സര്‍ നേടിയത്.

ഓറഞ്ച് ആര്‍മിയുടെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ നേടിയാണ് സഞ്ജു ഞെട്ടിച്ചത്. മത്സരത്തില്‍ മൂന്ന് പന്തുകള്‍ നേരിട്ട സഞ്ജു ഏഴ് റണ്‍സ് നേടിയാണ് മടങ്ങിയത്.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

ഈ അപൂര്‍വ ലിസ്റ്റില്‍ ഇടം നേടുന്ന ഒമ്പതാമത്തെ താരമാണ് സഞ്ജു. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജെയ്‌സ്വാളാണ് ഐ.പി.എല്ലിലെ ഒരു മത്സരത്തിലെ ആദ്യ പന്തില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ താരം. മൂന്ന് തവണയാണ് ജെയ്‌സ്വാള്‍ ഇത്തരത്തില്‍ സിക്സര്‍ നേടിയത്.

ബാക്കിയുള്ള താരങ്ങളെല്ലാം ഓരോ സിക്സ് വീതമാണ് നേടിയിട്ടുള്ളത്. റോബിന്‍ ഉത്തപ്പ, ഫില്‍ സാള്‍ട്ട്, നമന്‍ ഓജ, സുനില്‍ നരെയ്ന്‍, വിരാട് കോഹ്ലി, പ്രിയാന്‍ഷ് ആര്യ, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.

മുംബൈക്കെതിരെ നേരിടുന്ന ആദ്യ പന്ത് അതിര്‍ത്തി കടത്തുകയാണെങ്കില്‍ വീണ്ടും ഇത്തരത്തിലൊരു നേട്ടം ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിക്കും. ജെയ്‌സ്വാളിന് ശേഷം രണ്ട് തവണ ആദ്യ പന്ത് സിക്‌സര്‍ നേടുന്ന താരമാവാനുള്ള അവസരവും സഞ്ജുവിനുണ്ട്.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പിലും സഞ്ജു ആദ്യ ഓവറുകളില്‍ സിക്സറുകള്‍ പറത്തി ഞെട്ടിച്ചിരുന്നു. നാല് തവണയാണ് സഞ്ജു ആദ്യ ഓവറില്‍ സിക്‌സര്‍ നേടിയിരുന്നത്. നമീബിയ, സിംബാബ്വേ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു സഞ്ജുവിന്റെ സിക്‌സറുകള്‍ പിറന്നത്.

Content Highlight: Sanju Samson can set a big record in IPL if he hits a six on the first ball against Mumbai Indians

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more