| Sunday, 26th October 2025, 8:12 pm

വമ്പന്മാരുടെ ലിസ്റ്റിലേക്ക് കുതിക്കാന്‍ സഞ്ജു; ഓസീസിനെതിരെ പടയൊരുക്കം തുടങ്ങി!

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്ട്രേലിയക്കെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. ടി-20 പരമ്പര ഒക്ടോബര്‍ 29നാണ് ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാധവാണ് ടി-20 ക്യാപ്റ്റന്‍. എന്നിരുന്നാലും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഓസീസിനെതിരെ സഞ്ജു തന്നെയാകും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. മാത്രമല്ല കങ്കാരുപ്പടക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ താരത്തെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡുമാണ്. ടി-20യില്‍ ഓസ്ട്രേലിയക്കെതിരെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റില്‍ ഒന്നാമനാകാനാണ് സഞ്ജുവിന് വന്നുചേര്‍ന്ന സുവര്‍ണാവസരം.

നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാമന്‍ ഇഷാന്‍ കിഷനാണ്. 58 റണ്‍സാണ് കിഷന്‍ ഓസീസിനെതിരെ അടിച്ചെടുത്തത്. മാത്രമല്ല ധോണിയടക്കമുള്ള വമ്പന്‍മാരെ മറികടന്ന് ഓസീസിനെതിരെ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ സഞ്ജുവിന് ഈ റെക്കോഡ് ലിസ്റ്റില്‍ കുതിക്കാന്‍ സാധിക്കും.

ടി-20യില്‍ ഓസ്ട്രേലിയക്കെതിരെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍, സ്‌കോര്‍

ഇഷാന്‍ കിഷന്‍ – 58

കെ.എല്‍. രാഹുല്‍ – 55

എം.എസ്. ധോണി – 48

റിഷബ് പന്ത് – 39

ദിനേശ് കാര്‍ത്തിക് – 30

സഞ്ജു സാംസണ്‍ – 23

അതേസമയം ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമെന്ന നേട്ടം സഞ്ജുവിന്റെ പേരിലാണ്. 2024ല്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ 111 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

ഏഷ്യാ കപ്പില്‍ ആറ് മത്സരങ്ങളില്‍ മൂന്ന് നിര്‍ണായക ഇന്നിങ്സുകള്‍ കളിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. മധ്യ നിരയിലും ടോപ് ഓര്‍ഡറിലുമായി ടൂര്‍ണമെന്റിലെ ഏഴ് മത്സരങ്ങളിലെ നാല് ഇന്നിങ്‌സില്‍ നിന്ന് 132 റണ്‍സാണ് സഞ്ജു നേടിയത്. 56 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും സഞ്ജുവിനുണ്ട്.

ടൂര്‍ണമെന്റില്‍ ആറ് സിക്സും അഞ്ച് ഫോറും നേടാന്‍ സഞ്ജുവിന് സാധിച്ചു. ഇതോടെ ടി-20യില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തില്‍ ഇതിഹാസം എം.എസ് ധോണിയെ മറികടക്കാനും സഞ്ജുവിന് സാധിച്ചു. സഞ്ജു 56 സിക്സും ധോണി 52 സിക്സുമാണ് നേടിയത്. മാത്രമല്ല ഐ.സി.സി ടി-20 ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ മറികടന്ന് 31ാം സ്ഥാനത്ത് എത്താനും സഞ്ജുവിന് സാധിച്ചിരുന്നു.

ഇന്ത്യയുടെ ടി-20 സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിദ് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍

Content Highlight: Sanju Samson can have a great record if he performs well against Australia

We use cookies to give you the best possible experience. Learn more