തങ്ങളുടെ കണ്ണീരുവീണ അഹമ്മദാബാദ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിശ്വവിജയികളായാണ് ഇന്ത്യ ടി-20 ലോകകപ്പില്‍ മൂന്നാം തവണയും മുത്തമിട്ടത്. തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ കിരീടം തേടിയെത്തിയ ന്യൂസിലാന്‍ഡിനെതിരെ 96 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്.
ഇന്ത്യ ഉയര്‍ത്തിയ 255 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ 159ലൊതുങ്ങി. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. ജസ്പ്രീത് ബുംറയും വരുണ്‍ ചക്രവര്‍ത്തിയും മുമ്പില്‍ നിന്ന് നയിച്ച ബൗളിങ് നിരയും തിളങ്ങിയതോടെ ഇന്ത്യ കിരീടം നിലനിര്‍ത്തിയ ആദ്യ ടീമായും ചരിത്രം കുറിച്ചു.
T20 ലോകകപ്പുമായി ഇന്ത്യ
കിരീടം നേടി മാത്രമല്ല, സിക്‌സറടിച്ചും ഇന്ത്യ ഈ ലോകകപ്പില്‍ ചരിത്രമെഴുതിയിരുന്നു. 780 സിക്‌സറുകള്‍ പിറന്ന ടൂര്‍ണമെന്റില്‍ 106 സിക്‌സറുകളാണ് ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുത്തത്. ഇതോടെ ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.
ഏറ്റവുമധികം സിക്‌സര്‍ പിറന്ന മത്സരത്തിലും ഇന്ത്യയുടെ സാന്നിധ്യമുണ്ട്. ഈ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് പിറന്ന (499) ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരത്തിലാണ് ബാറ്റര്‍മാര്‍ സിക്‌സറുകള്‍ കൊണ്ട് ആറാടിയത്.
ഈ മത്സരത്തില്‍ ആകെ പിറന്നത് 34 സിക്‌സറുകളാണ്. 19 എണ്ണം ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുത്തപ്പോള്‍ (സഞ്ജു സാംസണ്‍-7, ശിവം ദുബെ-4, തിലക് വര്‍മ-3, ഇഷാന്‍ കിഷന്‍-2, ഹര്‍ദിക് പാണ്ഡ്യ-2,സൂര്യകുമാര്‍ യാദവ്-1) 15 സിക്‌സറുകള്‍ ഇംഗ്ലണ്ട് താരങ്ങളും (ജേകബ് ബേഥല്‍-7, ജോഫ്രാ ആര്‍ച്ചര്‍-3, വില്‍ ജാക്‌സ്-2, ടോം ബാന്റണ്‍-2, ജോസ് ബട്‌ലര്‍-1) അടിച്ചെടുത്തു.
ഇന്ത്യ
ഈ ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് ഒന്നാമത്. ബാറ്റെടുത്ത അഞ്ച് മത്സരത്തില്‍ നിന്നുമായി 24 സിക്‌സറുകളാണ് സഞ്ജു സ്വന്തമാക്കിയത്.
(താരം – ടീം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – ഇന്ത്യ – 5 – 24
ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് – 8 – 20
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ – വെസ്റ്റ് ഇന്‍ഡീസ് – 7 – 19
സാഹിബ്‌സാദ ഫര്‍ഹാന്‍ – പാകിസ്ഥാന്‍ – 6 – 18
ഇഷാന്‍ കിഷന്‍ – ഇന്ത്യ – 9 -18
ശിവം ദുബെ – ഇന്ത്യ – 8 – 17
സഞ്ജു സാംസണ്‍. Photo: BCCI
ഇതിന് പുറമെ ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്നതിന്റെ റെക്കോഡും സഞ്ജുവിന്റെ പേരില്‍ പിറന്നു. 2024ല്‍ നേടിയ 17 സിക്‌സറുമായി നിക്കോളാസ് പൂരനായിരുന്നു ഈ ലോകകപ്പിന് മുമ്പ് ഈ റെക്കോഡിലുണ്ടായിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് അവസാനിച്ചപ്പോള്‍ പൂരന്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
(താരം – ടീം – സിക്സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – ഇന്ത്യ – 24 – 2026
ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് 20 – 2026
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ – വെസ്റ്റ് ഇന്‍ഡീസ് 19 – 2026
സാഹിബ്‌സാദ ഫര്‍ഹാന്‍ – പാകിസ്ഥാന്‍ -18 – 2026
ഇഷാന്‍ കിഷന്‍ – ഇന്ത്യ 18 – 2026
നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – 17 – 2024
ശിവം ദുബെ – ഇന്ത്യ – 17 – 2026
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 16 – 2012
സഞ്ജു സാംസണ്‍. Photo: BCCI
സിക്‌സറടിച്ച് റെക്കോഡിട്ടപ്പോള്‍ സിക്‌സര്‍ വഴങ്ങി ഹര്‍ദിക് പാണ്ഡ്യ മോശം നേട്ടവും ഈ ലോകകപ്പില്‍ തന്റെ പേരിന് നേരെ കുറിച്ചു. 20 സിക്‌സറുകളാണ് താരം ഈ ലോകകപ്പില്‍ വഴങ്ങിയത്.
സിക്‌സറുകള്‍ വഴങ്ങിയെങ്കിലും വിക്കറ്റ് വീഴ്ത്താനും പാണ്ഡ്യ മുമ്പില്‍ തന്നെയുണ്ടായിരുന്നു. ഒമ്പത് മത്സരത്തില്‍ 33 ഓവര്‍ പന്തെറിഞ്ഞ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി. 27.13 ശരാശരിയില്‍ 217 റണ്‍സടിച്ച താരം ബാറ്റിങ്ങിലും തന്റെ റോള്‍ ഗംഭീരമാക്കിയിരുന്നു.
Content Highlight: Sanju Samson becomes the player to hit the most sixes in the T20 World Cup, while Hardik Pandya becomes the player to concede sixes
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ