| Tuesday, 10th March 2026, 2:16 pm

ഒമ്പത് ലോകകപ്പ് കളിച്ച രോഹിത് ശര്‍മയ്ക്ക് സാധിക്കാത്തത് വെറും അഞ്ച് മത്സരത്തില്‍; ചരിത്രനേട്ടത്തില്‍ ഒരേയൊരു ഇന്ത്യന്‍

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പ് വിജയവുമായി ഇന്ത്യ ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ മിച്ചല്‍ സാന്റ്‌നറിനെയും സംഘത്തെയും 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് സൂര്യയും സംഘവും കിരടമണിഞ്ഞത്.

സൂപ്പര്‍ താരം സഞ്ജു സംസണിന്റെ മികവിലായിരുന്നു ഇന്ത്യയുടെ കുതിപ്പ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ‘ക്വാര്‍ട്ടറിലും’ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും ന്യൂസിലാന്‍ഡിനെതിരായ ഫൈനലിലും സഞ്ജു ആളിക്കത്തി. ഇന്ത്യയുടെ സിംഹാസനാരോഹണത്തില്‍ നിര്‍ണായകമായ സഞ്ജുവിനെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും തേടിയെത്തി.

സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമായി

ഇതിനൊപ്പം മറ്റൊരു നേട്ടവും സഞ്ജു സ്വന്തമാക്കിയിരുന്നു. ഒരു ടി-20 ലോകകപ്പില്‍ ബൗണ്ടറികളിലൂടെ മാത്രം 250 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സഞ്ജു തന്റെ പേരിനൊപ്പം കുറിച്ചത്. കളിച്ച അഞ്ച് ഇന്നിങ്‌സില്‍ നിന്നും നേടിയ 321 റണ്‍സില്‍ 252 റണ്‍സും സിക്‌സറുകളിലൂടെയും ഫോറിലൂടെയുമാണ് സഞ്ജു സ്വന്തമാക്കിയത്.

ടൂര്‍ണമെന്റില്‍ 24 സിക്‌സറുകള്‍ അടിച്ചെടുത്ത സഞ്ജു 27 ഫോറും സ്വന്തമാക്കി.

സഞ്ജു സാംസണ്‍. Photo: BCCI

ഒരു ലോകകപ്പില്‍ ബൗണ്ടറികളിലൂടെ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ഈ ലോകകപ്പിലെ പ്രകടനത്തോടെ രണ്ടാം സ്ഥാനത്ത് ഇഷാന്‍ കിഷനുമെത്തി. 240 റണ്‍സാണ് കേവലം ബൗണ്ടറികളിലൂടെ ഇഷാന് അടിച്ചെടുത്തത്.

ഇഷാന്‍ കിഷന്‍. Photo: BCCI

ഒരു ലോകകപ്പില്‍ ബൗണ്ടറികളിലൂടെ ഏറ്റവുമധികം റണ്‍സ് നേടിയ താരം

(താരം – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – 252 – 2026*

ഇഷാന്‍ കിഷന്‍ – 240 – 2026*

രോഹിത് ശര്‍മ – 186 – 2024

ശിവം ദുബെ – 162 – 2026*

സൂര്യകുമാര്‍ യാദവ് – 158 – 2022

വിരാട് കോഹ്‌ലി- 156 – 2014

വിരാട് കോഹ്‌ലി – 148 – 2022

കലാശപ്പോരാട്ടത്തില്‍ 46 പന്ത് നേരിട്ട് 89 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 193.48 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. എട്ട് സിക്‌സറും അഞ്ച് ഫോറും അടക്കം 68 റണ്‍സാണ് ഫൈനലില്‍ സഞ്ജു അടിച്ചെടുത്തത്. ഇതോടെ ടി-20 ലോകകപ്പ് ഫൈനലില്‍ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമയാകാനും സഞ്ജുവിനായി.

ഈ ലോകകപ്പില്‍ 24 സിക്‌സറുകളടിച്ച സഞ്ജുവിന മറ്റുപല റെക്കോഡുകളും തേടിയെത്തിയിരുന്നു. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് ഇതില്‍ പ്രധാനം.

സഞ്ജു സാംസണ്‍.  Photo: BCCI

ഒരു ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങള്‍

(താരം – ടീം – സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – ഇന്ത്യ – 24 – 2026

ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് 20 – 2026

ഷിംറോണ്‍ ഹെറ്റ്മെയര്‍ – വെസ്റ്റ് ഇന്‍ഡീസ് 19 – 2026

സാഹിബ്സാദ ഫര്‍ഹാന്‍ – പാകിസ്ഥാന്‍ -18 – 2026

ഇഷാന്‍ കിഷന്‍ – ഇന്ത്യ 18 – 2026

നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – 17 – 2024

ശിവം ദുബെ – ഇന്ത്യ – 17 – 2026

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 16 – 2012

Content Highlight: Sanju Samson becomes the first Indian batter to complete 250 runs in a T20 WC through boundaries

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more