2026 ഐ.പി.എല്ലില്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 10 ടീമുകള്‍ കിരീടത്തിനായി പോരാടിയ ടൂര്‍ണമെന്റില്‍ നിലവില്‍ നാല് ടീമുകള്‍ മാത്രമാണ് ബാക്കിയുള്ളത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും ഒന്നാം ക്വാളിഫയറില്‍ ഏറ്റുമുട്ടും. സണ്‍റൈസേഴ്സ് ഹൈദരാബാദ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടമാണ് എലിമിനേറ്ററില്‍ നടക്കുന്നത്.
ഈ ഐ.പി.എല്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കും ഏറെ സ്‌പെഷ്യലാണ്. മലയാളി താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനം കണ്ട സീസണ്‍ കൂടിയായിരുന്നു ഇത്. രാജസ്ഥാനൊപ്പമുള്ള നീണ്ട വര്‍ഷക്കാലത്തെ കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ സഞ്ജു അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനായി മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഈ സീസണില്‍ 14 ഇന്നിങ്സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കി.
സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായും സഞ്ജു ഇതോടെ മാറിയിരുന്നു.
മുംബൈക്കെതിരെയാണ് സഞ്ജു ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി നേടിയത്.
ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറുമെന്നുറപ്പാണ്.
സുരേഷ് റെയ്ന-421-2008
മാത്യു ഹെയ്ഡന്‍-572-2009
സുരേഷ് റെയ്ന-520-2010
മൈക്കല്‍ ഹസി-492-2011
സുരേഷ് റെയ്ന-441-2012
മൈക്കല്‍ ഹസി-733-2013
ഡെയ്ന്‍ സ്മിത്ത്-566-2014
ബ്രെണ്ടന്‍ മക്കല്ലം-436-2015
അമ്പാട്ടി റായിഡു-602-2018
എം.എസ് ധോണി-416-2019
ഫാഫ് ഡുപ്ലെസി-449-2020
ഋതുരാജ് ഗെയ്ക്വാദ്-635-2021
ഋതുരാജ് ഗെയ്ക്വാദ്-368-2022
ഡെവോണ്‍ കോണ്‍വെ-672-2023
ഋതുരാജ് ഗെയ്ക്വാദ്-583-2024
ശിവം ദുബെ-357-2025
സഞ്ജു സാംസണ്‍-477-2026
അതേസമയം ചെന്നൈ സൂപ്പര്‍ കിങ്സ് ഇത്തവണ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആറ് വിജയവും എട്ട് തോല്‍വിയുമടക്കം 12 പോയിന്റാണ് ചെന്നൈ സ്വന്തമാക്കിയത്.
പരിക്ക് മൂലം ഒരുപാട് താരങ്ങളെ ഈ സീസണില്‍ ചെന്നൈക്ക് നഷ്ടമായിരുന്നു. പരിക്കിന്റെ തിരിച്ചടികളും ചെന്നൈ ടൂര്‍ണമെന്റിലെ രണ്ടാം ഘട്ടത്തില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. എന്നാല്‍ പ്ലേ ഓഫിലേക്ക് കടക്കാനുള്ള നിര്‍ണായക മത്സരങ്ങളില്‍ ചെന്നൈ പരാജയപ്പെടുകയായിരുന്നു.
Content Highlight: Sanju Samson become the top scorer of Chennai super kings in ipl 2026