| Thursday, 9th October 2025, 9:11 pm

സഞ്ജു സാംസണിന് പുതിയ റോള്‍; സംസ്ഥാന കായികമേളയുടെ അംബാസിഡര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസിഡറായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഇത്തവണയും ഒളിമ്പിക്‌സ് മാതൃകയില്‍ എത്തുന്ന കായിക മേളയുടെ അംബാസിഡറായി താരത്തെ നിയമിച്ച കാര്യം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് അറിയിച്ചത്.

താരത്തിന്റെ ഒരു വീഡിയോയും ശിവന്‍കുട്ടി എഫ്.ബി പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്കക്കെതിരെ ടി – 20യില്‍ സെഞ്ച്വറി നേടിയ രംഗങ്ങളോടെ തുടങ്ങുന്ന വീഡിയോയില്‍ സഞ്ജുവും സംസാരിക്കുന്നുണ്ട്. ഒപ്പം താരത്തിന്റെ രാജസ്ഥാന്‍ റോയല്‍സ് ജേഴ്‌സിയിലുള്ള ചിത്രങ്ങളും ഈ ക്ലിപ്പിലുണ്ട്.

വീഡിയോയില്‍ കായിക മേളയുടെ ഭാഗമാവാന്‍ ഞാനുമുണ്ടെന്നും ബ്രാന്‍ഡ് അംബാസിഡര്‍ ആവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സഞ്ജു വീഡിയോയില്‍ പറയുന്നുണ്ട്. കായികമേളയെ വന്‍ വിജയമാക്കി മാറ്റാന്‍ നമുക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞാണ് താരം തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.

ഒക്ടോബര്‍ 21 മുതല്‍ 28 വരെയാണ് സംസ്ഥാന സ്‌കൂള്‍ കായികമേള നടക്കുന്നത്. തിരുവനന്തപുരമാണ് മേളയുടെ വേദി. 12 വേദികളിലാണ് 2025 – 26 വര്‍ഷത്തെ കായിക മേള അരങ്ങേറുക. പ്രധാന വേദി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയമാണ്.

39 ഇനങ്ങളില്‍ 9232 മത്സരങ്ങളില്‍ 20000ലധികം കായിക താരങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഭിന്നശേഷി കായിക താരങ്ങളും സംസ്ഥാന കായിക മേളയുടെ ഭാഗമാകും.

സഞ്ജുവിന്റെ വീഡിയോയോടൊപ്പം മേളയുടെ ഭാഗ്യ ചിഹ്നവും മന്ത്രി പങ്കുവെച്ചു. തങ്കുവെന്ന മുയലാണ് ഈ വര്‍ഷത്തെ മേളയുടെ ഭാഗ്യചിഹ്നം.

അതേസമയം, സഞ്ജു ഓസ്ട്രേലിയക്കെതിരെയുള്ള ടി – 20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ എട്ട് വരെയാണ് പരമ്പരയുള്ളത്. അടുത്തിടെ ഇതിനായുള്ള ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവും ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ഏഷ്യാ കപ്പിലെ പ്രകടങ്ങളുടെ ആത്മവിശ്വാസത്തിലാണ് താരം ഓസ്ട്രേലിയക്കെതിരെ ഒരുങ്ങുന്നത്.

Content Highlight: Sanju Samson became Brand Ambassador of Kerala School Meet

We use cookies to give you the best possible experience. Learn more