| Saturday, 30th May 2026, 4:41 pm

ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ സഞ്ജുവും ശ്രേയസും; അരങ്ങേറ്റത്തിന് വൈഭവും?

ഫസീഹ പി.സി.

ഐ.പി.എല്‍ സെന്‍സേഷനായ രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശി ഇന്ത്യന്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. താരത്തെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സാധ്യത സ്‌ക്വാഡില്‍ ഉള്‌പെടുത്തിയിട്ടുണ്ടെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഏകദിന ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലും ടി – 20 ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല.

അതിനാല്‍ തന്നെ മലയാളി താരം സഞ്ജു സാംസണോ ശ്രേയസ് അയ്യരോ ആകും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക. തിലക് വര്‍മയുടെ പേരും ക്യാപ്റ്റനായി പരിഗണിക്കുന്നുണ്ട്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐ.ഒ.എ) ഇതിനകം തന്നെ ബി.സി.സി.ഐ 30 അംഗ സാധ്യത ലിസ്റ്റ് നല്‍കിയിട്ടുണ്ടെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാല് വരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക. ഇതിനിടയില്‍ തന്നെ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനവും നടക്കുന്നുണ്ട്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 17 വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി – 20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

ഇത് രണ്ടും ഒരുമിച്ച് എത്തുന്നതിനാല്‍ രണ്ട് വ്യത്യസ്ത ടീമുകളെ തെരഞ്ഞെടുക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന ടീമിനെ നയിക്കേണ്ടതിനാലാണ് ഗില്ലിനെ ഒഴിവാക്കിയതെന്നാണ് വിവരം.

സൂര്യകുമാർ യാദവ്.

എന്നാല്‍, 2028-ലെ ടി – 20 ലോകകപ്പിലേക്കോ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സിലേക്കോ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതാണ് താരത്തിന്റെ സാധ്യത ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് സൂചന.

സൂപ്പര്‍ താരം ജസ്പ്രീത് ബുംറയും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും താരം ഏഷ്യന്‍ ഗെയിംസില്‍ കളിച്ചേക്കില്ല. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിന് കൂടുതൽ മുൻഗണന നൽകുന്നതിനാലാണ് ഇത്.

ഏഷ്യന്‍ ഗെയിംസിനുള്ള സാധ്യത ടീം:

യശസ്വി ജെയ്സ്വാള്‍, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, തിലക് വര്‍മ, ജസ്പ്രിത് ബുംറ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി, അനുകുല്‍ റോയ്, ആയുഷ് ബദോണി, ഹര്‍ഷ് ദുബെ, ധ്രുവ് ജുറെല്‍, ഖലീല്‍ അഹമ്മദ്, ഋതുരാജ് ഗെയ്ക്വാദ്, രവി ബിഷ്ണോയ്, ഷഹബാസ് അഹമ്മദ്, ശിവം ദുബെ, വിപ്രജ് നിഗം, ഹര്‍ഷിത് റാണ, യഷ് താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍.

Content Highlight: Sanju Samson and Shreyas Iyer in captaincy race while Vaibhav Sooryavanshi included India’s probables list for Asian Games

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more