സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ പരാജയമായിരുന്നു ഇന്ത്യ സ്വന്തം മണ്ണില്‍ ഏറ്റുവാങ്ങിയത്. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് പ്രോട്ടിയാസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയാണ്. പരിക്കേറ്റ ശുഭ്മന്‍ ഗില്ലിന്റെ വിടവില്‍ കെ.എല്‍. രാഹുലിനെ നായകനാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. നാളെ (നവംബര്‍ 30ന്) റാഞ്ചിയിലാണ് മത്സരം ആരംഭിക്കുന്നത്.
എന്നാല്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് സൂപ്പര്‍ താരം ശ്രേയസ് അയ്യരെ പരിക്ക് മൂലം ഒഴിവാക്കിയിരുന്നു. താരത്തിന് പുറമെ അര്‍ഹതയുണ്ടായിട്ടും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ബി.സി.സി.ഐ സ്‌ക്വാഡില്‍ പരിഗണിച്ചിരുന്നില്ല. എന്നാല്‍ സൗത്ത് ആഫ്രക്കയ്‌ക്കെതിരായ ഏകദിനത്തില്‍ മറ്റാരേക്കാളും അര്‍ഹതയുള്ള താരങ്ങളായിരുന്നു ശ്രേയസും സഞ്ജുവും. അതിന് ഒരു റെക്കോഡിന്റെ കഥ കൂടി പറയേണ്ടി വരും.
Shreyas Iyer – Photo: BCCI
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പോട്ടിയാസിനെതിരായ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആദ്യ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ഇരുവരും. ഈ റെക്കോഡ് ലിസ്റ്റില്‍ കിങ് കോഹ്‌ലിക്ക് വരെ മൂന്നാമതാണ് സ്ഥാനം.
ശ്രേയസ് അയ്യര്‍ – 374 (8)
സഞ്ജു സാംസണ്‍ – 238 (5)
വിരാട് കോഹ്‌ലി – 217 (4)
ശിഖര്‍ ധവാന്‍ – 194 (6)
കെ.എല്‍. രാഹുല്‍ – 161 (6)
ശ്രേയസ് പരിക്കിന്റെ പിടിയിലായതിനാല്‍ മാത്രമായിരുന്നു താരത്തിന് അവസരം നഷ്ടപ്പെട്ടതെങ്കില്‍ സൂപ്പര്‍ താരം സഞ്ജുവിന്റെ അവസരം നഷ്ടപ്പെട്ടതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. അവസാനമായി 2023ലാണ് സഞ്ജു ഒരു ഏകദിന മത്സരം കളിക്കുന്നത്.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയായിരുന്നു താരത്തിന്റെ അവസാന മത്സരവും. സീരീസ് ഡിസൈഡര്‍ മാച്ചില്‍ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വിറി നേടിയാണ് സഞ്ജു ഏവരേയും അമ്പരപ്പിച്ചത്. അവസാന മത്സരത്തില്‍ സെഞ്ച്വറിയുണ്ടായിട്ടും താരത്തെ അവഗണിക്കുകയാണ് സെലഷന്‍ കമ്മിറ്റി.
ഏകദിനത്തില്‍ ഫോര്‍മാറ്റില്‍ സഞ്ജു വെറും 16 മത്സരങ്ങളില്‍ നിന്ന് 14 ഇന്നിങ്‌സുകളാണ് കളിച്ചത്. 510 റണ്‍സാണ് താരത്തിന് ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. മാത്രമല്ല 108 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 56.7 എന്ന മികച്ച ആവറേജും 99.6 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് സഞ്ജുവിനുള്ളത്. മൂന്ന് അര്‍ധ സെഞ്ച്വറികളും സഞ്ജുവിനുണ്ട്. ശ്രേയസ് 73 ടെസ്റ്റ് മത്സരത്തില്‍ നിന്ന് 128* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറോടെ 2946 റണ്‍സാണ് നേടിയത്. 47.8 എന്ന ആവറേജും 99 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
അതേസമയം ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഡിസംബര്‍ മൂന്നിന് റായിപൂരിലും മൂന്നാം മത്സരം ഡിസംബര്‍ ആറിന് വിശാഖപട്ടണത്തിലുമാണ്. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടീമിലുള്ളത് ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസമാണ്.
Content Highlight: Sanju Samson And Shreyas Iyer Have Great Record Achievement Against South Africa In ODI