| Thursday, 27th November 2025, 4:05 pm

ചരിത്രത്തില്‍ ആദ്യമായി; ഒഡീഷക്കെതിരെ താണ്ഡവാമാടിയ രോഹനും സഞ്ജുവും തൂക്കിയത് വമ്പന്‍ നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒഡീഷക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് കേരളം സീസണ്‍ ആരംഭിച്ചത്. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒഡീഷക്കെതിരെ പത്ത് വിക്കറ്റിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ഒഡീഷ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം 21 പന്ത് ബാക്കി നില്‍ക്കെ കേരളം മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും രോഹന്‍ കുന്നുമ്മലിന്റെയും വമ്പന്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് ടീമിന് വിജയം സമ്മാനിച്ചത്. ടീമിനായി രോഹന്‍ കുന്നുമ്മല്‍ സെഞ്ച്വറി നേടിയപ്പോള്‍ സഞ്ജു അര്‍ധ സെഞ്ച്വറിയുമായാണ് തിളങ്ങിയത്.

രോഹന്‍ 10 സിക്‌സും 10 ഫോറും ഉള്‍പ്പെടെ 60 പന്തില്‍ 121 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. 201.67 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

മറുവശത്ത് ക്യാപ്റ്റന്‍ സഞ്ജു 41 പന്തില്‍ 51 റണ്‍സെടുത്തു. ഒരു സിക്‌സും ആറ് ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 124.39 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം മിന്നും പ്രകടനം നടത്തിയത്. ഇതിനെല്ലാം പുറമെ ഇരുവരും 177* റണ്‍സിന്റെ ഇടിവെട്ട് കൂട്ടുകെട്ടാണ് നേടിയത്.

ഇതോടെ ഒരു മിന്നും റെക്കോഡ് സ്വന്തമാക്കാനും താരങ്ങള്‍ക്ക് സാധിച്ചിരിക്കുകയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് നേടാനാണ് ഇരുവര്‍ക്കും സാധിച്ചത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് നേടുന്ന താരങ്ങള്‍, റണ്‍സ്

രോഹന്‍ എസ്. കുന്നുമ്മല്‍ & സഞ്ജു സാംസണ്‍ – 177*

ഉര്‍വില്‍ പട്ടേല്‍ & ആര്യ ദേശായി – 174

കിഷന്‍ ലിംഗ്‌ദോ & അര്‍പിത് ബതേവാര – 157

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഒഡീഷ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കുകയായിരുന്നു. ടീമിനായി ബിപ്ലബ് സാമന്ത്രയിയും സാംബിത് കുമാര്‍ സൗരവ് ബരാളുമാണ് മികച്ച പ്രകടനം നടത്തിയത്. സാമന്ത്രയ് 41 പന്തില്‍ 53 റണ്‍സ് നേടിയപ്പോള്‍ സൗരവ് ബരാള്‍ 32 പന്തില്‍ 40 റണ്‍സും സ്‌കോര്‍ ചെയ്തു.

കേരളത്തിനായി എം.ഡി നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി. കെ.എം. ആസിഫ് രണ്ട് വിക്കറ്റും അങ്കിത് ശര്‍മ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Sanju Samson And Rohan Kunnummal In Great Record Achievement In Syed Mushtaq Ali Trophy

We use cookies to give you the best possible experience. Learn more