2026 ഐ.പി.എല്ലിനോട് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു സാംസണെ ചെന്നൈലെത്തിക്കാന്‍ വലിയ നീക്കങ്ങളാണ് നടക്കുന്നത്. ഇതിനായി രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ സൂപ്പര്‍ കിങ്സ് കൈമാറുമെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും താരങ്ങളുടെ ട്രേഡ് ഇപ്പോഴും നടന്നിട്ടില്ല.
വിദേശതാരമായ സാം കറനെ രാജസ്ഥാന് കൈമാറുന്നതിലുള്ള നടപടിക്രമങ്ങളാണ് ട്രേഡ് വൈകുന്നതിന്റെ കാരണമെന്നാണ് ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ രാജസ്ഥാന്റെ പക്കലുള്ള ഒരു വിദേശതാരത്തെ വിട്ടയച്ചില്ലെങ്കില്‍ സാം കറനെ ടീമിലെത്തിക്കാന്‍ സാധിക്കില്ല.
എണ്ണത്തില്‍ കൂടുതല്‍ വിദേശ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. നിലവില്‍ ടീമില്‍ 22 താരങ്ങളാണ് രാജസ്ഥാനിലുള്ളത്. 25 താരങ്ങളെ വരെ ഒരു ടീമിന്റെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താം. എന്നിരുന്നാലും ട്രേഡ് സങ്കീര്‍ണമാകുമെന്നാണ് കരുതുന്നത്. കാരണം നിലവില്‍ രാജസ്ഥാന്റെ പക്കല്‍ 30 ലക്ഷം രൂപയാണ് അവശേഷിക്കുന്നത്. സാം കറന്റെ മൂല്യം 2.4 കോടിയാണ്. സാമിനെ റോയല്‍സിലേക്ക് കൊണ്ടുവരികയാണെങ്കില്‍ മറ്റൊരു കളിക്കാരനെ കൂടി റോയല്‍സ് വിട്ടുനല്‍കേണ്ടിയും വരും.
അതേസമയം ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ കളിക്കാരുടെയും ഒഴിവാക്കിയ കളിക്കാരുടെയും പട്ടിക നവംബര്‍ 15നാണ് പ്രഖ്യാപിക്കുക. ഐ.പി.എല്ലിന് ഒരാഴ്ചക്ക് മുമ്പുള്ള ലേലത്തിന് മുന്നോടിയായി ട്രേഡ് നടത്തുമെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം രാജസ്ഥാന്‍ സഞ്ജുവിനെ വിട്ടുനല്‍കുകയാണെങ്കില്‍ വലിയ നഷ്ടം തന്നെയാണ് ഫ്രാഞ്ചൈസിക്കുണ്ടാകുക. റോയല്‍സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരം, ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം, ഏറ്റവുമധികം മത്സരം കളിച്ച ക്യാപ്റ്റന്‍, ഏറ്റവുമധികം മത്സരം വിജയിപ്പിച്ച ക്യപ്റ്റന്‍ തുടങ്ങി ഏണ്ണമറ്റ നേട്ടങ്ങളുമായി രാജസ്ഥാന്റെ ചരിത്രത്താളുകളില്‍ ഇടം നേടിയ സഞ്ജു പടിയിറങ്ങുന്നതോടെ ഒരു പ്രതാപ കാലമാണ് കഴിയാനിരിക്കുന്നത്.
Content Highlight: Sanju Samson And Jadeja Trade In Complication