| Monday, 9th March 2026, 11:34 am

രോഹിത്തും കോഹ്‌ലിയുമൊക്കെ പഴങ്കഥയായി; സിംഹാസനത്തില്‍ സഞ്ജുവും കിഷനും!

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി-20 കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ കിവീസിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സംഘവും കിരീടമണിഞ്ഞത്.

ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് 159 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ സ്വന്തം മണ്ണില്‍ കിരീടം നേടുന്ന ആദ്യ ടീമാകാനും ബാക് ടു ബാക് ടി-20 കിരീടം നേടുന്ന ആദ്യ ടീമാകാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്. തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. മാത്രമല്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.

വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സഞ്ജു ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടി-20 ലോകകപ്പിലെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടുന്ന താരം എന്ന നേട്ടമാണ് സഞ്ജു തൂക്കിയത്. ഈ നേട്ടത്തില്‍ സഞ്ജുവിനൊപ്പം സൂപ്പര്‍ താരം ഇഷാന്‍ കിഷനുമുണ്ട്. ഇരുവരും 51 ബൗണ്ടറികളാണ് ടൂര്‍ണമെന്റില്‍ അടിച്ചെടുത്തത്.

ടി-20 ലോകകപ്പിലെ ഒരു എഡിഷനില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടുന്ന താരം, ബൗണ്ടറി, ഇന്നിങ്സ്, വര്‍ഷം

സഞ്ജു സാംസണ്‍ – 51 – 5 – 2026*

ഇഷാന്‍ കിഷന്‍ – 51 – 9 – 2026*

രോഹിത് ശര്‍മ – 39 – 8 – 2024

സൂര്യകുമാര്‍ യാദവ് – 35 – 7 – 2022

വിരാട് കോഹ്‌ലി – 34 – 6 – 2014

മത്സരത്തില്‍ സഞ്ജുവിന് പുറമെ അഭിഷേക് ശര്‍മ 21 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 52 റണ്‍സും ഇഷാന്‍ കിഷന്‍ 25 പന്തില്‍ നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 54 റണ്‍സും നേടി. അവസാന ഘട്ടത്തില്‍ സൂപ്പര്‍ താരം ശിവം ദുബെ എട്ട് പന്തില്‍ 26 റണ്‍സ് നേടി പുറത്താകാതെ നിന്നു. അതേസമയം ക്യാപ്റ്റന്‍ സൂര്യയ്ക്ക് ഒരു റണ്‍സ് പോലും നേടാന്‍ സാധിച്ചില്ല.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് ജസ്പ്രീത് ബുംറയാണ്. ഇന്ത്യയ്ക്കായി നാല് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഭിഷേക് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 52 റണ്‍സ് നേടിയ ടിം സീഫേര്‍ട്ടും 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുമാണ് ന്യൂസിലാന്‍ഡിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത്.

Content Highlight: Sanju Samson And Ishan Kishan In Great Record Achievement In T20 World Cup 2026

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more