| Wednesday, 20th May 2026, 5:07 pm

അടി കഴിഞ്ഞു, ഇനി സ്‌നേഹവും ബഹുമാനവും മാത്രം; കൈ കൊടുത്ത് സഞ്ജുവും ക്ലാസനും

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ലെ 63ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടിയപ്പോള്‍ ഒരു ‘സൂപ്പര്‍ ക്ലാഷിന്’ കൂടി ആരാധകര്‍ സാക്ഷിയായിരുന്നു. ഫീല്‍ഡില്‍ പൊതുവെ ശാന്ത സ്വഭാവക്കാരനായ സഞ്ജു സാംസണും ഹെന്റിക് ക്ലാസനും കൊമ്പുകോര്‍ക്കുന്ന കാഴ്ചയായിരുന്നു ഇത്.

ഇപ്പോള്‍ ഇതില്‍ പ്രതികരിക്കുകയാണ് സഞ്ജുവും ക്ലാസനും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഇരുവരുടെയും പ്രതികരണം. സഞ്ജുവും ക്ലാസനും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചത്.

‘ഫീല്‍ഡില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കും, എന്നാല്‍ കളത്തിന് പുറത്ത് ഈ അതുല്യനായ മനുഷ്യനോട് സ്നേഹവും ബഹുമാനവും മാത്രം,’ സഞ്ജു ഫോട്ടോക്കൊപ്പം കുറിച്ചു.

ഇതിന് മറുപടിയായി ‘സുഹൃത്തേ, നിന്നോട് ഒരുപാട് സ്‌നേഹവും ആദരവുമുണ്ട്. നീ കളിക്കുന്നത് കാണാന്‍ എപ്പോഴും ഇഷ്ടമാണ്. നിന്റെ കളിശൈലി തുടരുക. നമ്മുടെ സൗഹൃദം മികച്ചതാണ്, അടുത്ത പോരാട്ടത്തിനായി കാത്തിരിക്കുന്നു,’ ക്ലാസനും കുറിച്ചു.

ഹൈദരാബാദ് ഇന്നിങ്‌സിനിടെ 15ാം ഓവറിലായിരുന്നു സംഭവം. അര്‍ധ സെഞ്ച്വറിക്ക് അടുത്ത് കൊണ്ടിരിക്കുന്ന ക്ലാസനെ സഞ്ജു സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. 15ാം ഓവറിലെ രണ്ടാം പന്തില്‍ നൂര്‍ അഹമ്മദ് എറിഞ്ഞ തകര്‍പ്പന്‍ ഗൂഗ്ലിയില്‍ ക്ലാസനെ മിന്നല്‍ വേഗത്തിലാണ് മലയാളി വിക്കറ്റ് കീപ്പര്‍ പുറത്താക്കിയത്.

ആവേശത്തോടെ തുള്ളിച്ചാടിയ സഞ്ജുവിനെ നൂര്‍ അഹമ്മദ് അടക്കമുള്ള ചെന്നൈ താരങ്ങള്‍ അഭിനന്ദിക്കാനെത്തി. അതേസമയം ക്രീസിലേക്ക് തിരികെ നടക്കുകയായിരുന്ന ക്ലാസന്‍ സഞ്ജുവിന് നേരെ തിരിഞ്ഞ് എന്തോ പറയുകയായിരുന്നു.

പിന്നീട് ശിവം ദുബെയെത്തി ക്ലാസനെ പിന്തിരിപ്പിച്ച് പറഞ്ഞയച്ചു. ഈ സംഭവം ആരാധകര്‍ വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നു. ക്ലാസന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ വന്ന് സ്റ്റിക്കറും വിമര്‍ശനങ്ങളും സഞ്ജുവിന്റെ ആരാധകര്‍ കമന്റ് ചെയ്തിരുന്നു.

Content Highlight: Sanju Samson and Heinrich Klaasen break silence on heated exchange during SRH vs CSK clash in IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more