| Saturday, 20th September 2025, 8:21 am

ധോണിക്ക് പോലും കഴിഞ്ഞില്ല; വമ്പന്‍ റെക്കോഡ് ലിസ്റ്റില്‍ ആധിപത്യം സ്ഥാപിച്ച് സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഒമാനെതിരെ വിജയിച്ച് ഇന്ത്യ കരുത്ത് കാട്ടിയിരുന്നു. ഇന്ത്യക്കെതിരെ മികച്ച രീതിയില്‍ ചെറുത്തുനിന്നാണ് ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ ഒമാന്‍ 21 റണ്‍സിന് പരാജയപ്പെട്ടത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ഒമാനിന് നേടാന്‍ സാധിച്ചത്.

ഇന്ത്യന്‍ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു മത്സരത്തില്‍ തിളങ്ങിയത്. 45 പന്തില്‍ മൂന്ന് വീതം സിക്സും ഫോറുമുള്‍പ്പെടെ 56 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ദുബായിലെ കടുത്ത ചൂടില്‍ രണ്ടാം ഓവറില്‍ എത്തി 18ാം ഓവറുവരെ പോരാടിയാണ് സഞ്ജു കൂടാരം കയറിയത്. മത്സരത്തിലെ താരമാകാനും സഞ്ജുവിന് സാധിച്ചിരുന്നു.

ഇതിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന വിക്കറ്റ് കീപ്പറാകാനാണ് സഞ്ജുവിന് സാധിച്ചത്. ഒരു വര്‍ഷത്തിനിടയില്‍ മൂന്ന് തവണയാണ് സഞ്ജു തന്റെ കരുത്ത് കാണിച്ചത്.

ബംഗ്ലാദേശിനെതിരെയും സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയും ഒമാനിനെതിരെയുമാണ് സഞ്ജു പ്ലെയര്‍ ഓഫ് ദി മാച്ച് നേടിയത്. ഈ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധോണിയെ പോലും കാഴ്ച്ചക്കാരനാക്കിയാണ് സഞ്ജുവിന്റെ കുതിപ്പ്.

ഒമാനെതിരെയുള്ള മിന്നും പ്രകടനത്തോടെ അന്താരാഷ്ട്ര ടി-20യില്‍ 38 ഇന്നിങ്‌സില്‍ നിന്ന് 261 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് കുട്ടിക്രിക്കറ്റില്‍ സഞ്ജുവിനുള്ളത്. 25.3 എന്ന ആവറേജും 152.4 എന്ന സ്‌ട്രൈക്ക് റേറ്റും ഫോര്‍മാറ്റില്‍ താരത്തിനുണ്ട്. മാത്രമല്ല ഒമാനെതിരെ തന്റെ 26ാം അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു മൂന്ന് സെഞ്ച്വറികളും ഫോര്‍മാറ്റില്‍ നേടി.

മത്സരത്തില്‍ സഞ്ജുവിന് പുറമെ, ഓപ്പണര്‍ അഭിഷേക് 15 പന്തില്‍ 38 റണ്‍സാണ് നേടിയത്. തിലക് 18 പന്തില്‍ 29 റണ്‍സ് അടിച്ചപ്പോള്‍ അക്സര്‍ 13 പന്തില്‍ 26 റണ്‍സും സ്‌കോര്‍ ചെയ്തു. ഒമാനായി ഫൈസല്‍ ഷാ, ജിതന്‍ കുമാര്‍ രമാനന്ദി, ആമിര്‍ കലീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഒമാനിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ആമിര്‍ കലീമാണ്. താരം 46 പന്തില്‍ 64 റണ്‍സാണ് സ്വന്തമാക്കി. രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഒപ്പം, ഹമ്മാദ് മിര്‍സയും ജതീന്ദര്‍ സിങ്ങും മികച്ച ബാറ്റിങ് പുറത്തെടുത്തു. മിര്‍സ 33 പന്തില്‍ 51 റണ്‍സ് എടുത്തപ്പോള്‍ ജതീന്ദര്‍ 33 പന്തില്‍ 32 റണ്‍സും നേടി. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവരും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlight: Sanju Samson Achieve Great Record In International T20 For India

We use cookies to give you the best possible experience. Learn more