| Sunday, 20th July 2025, 10:24 pm

അഞ്ച് വര്‍ഷത്തില്‍ കെ.സി.എല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റാകും: സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത അഞ്ച് വര്‍ഷത്തില്‍ കേരള ക്രിക്കറ്റ് ലീഗ് ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടൂര്‍ണമെന്റായി മാറുമെന്ന പ്രതീക്ഷയുമായി സഞ്ജു സാംസണ്‍. കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിന്റെ ഗ്രാന്‍ഡ് ലോഞ്ച് പരിപാടിയില്‍ സംസാരിക്കവെയാണ് സഞ്ജു കെ.സി.എല്ലിന്റെ വളര്‍ച്ചയെ കുറിച്ച് സംസാരിച്ചത്.

‘കേരളത്തിലെ താരങ്ങളുടെ കഴിവാണ് കെ.സി.എല്ലിന്റെ ഭാവി. ഇന്ത്യന്‍ ഡ്രെസ്സിങ് റൂമില്‍ തന്നെ കേരളത്തിലെ താരങ്ങളുടെ കഴിവിനെക്കുറിച്ച് വലിയ മതിപ്പാണുള്ളത്.

താരങ്ങളുടെ കഴിവ് പുറത്തെടുക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ കെ.സി.എല്‍ എന്നൊരു വേദി ഒരുക്കിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും മികച്ച ലീഗായി കെ.സി.എല്‍ മാറുമെന്നാണ് എന്റെ പ്രതീക്ഷ,’ സഞ്ജു സാംസണ്‍ പറഞ്ഞു.

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടിയാണ് സഞ്ജു സാംസണ്‍ കളത്തിലിറങ്ങുന്നത്. താരലേലത്തില്‍ 26,80,000 രൂപയ്ക്കാണ് ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്.

മൂന്ന് ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ലേലത്തില്‍ തൃശൂര്‍ ടൈറ്റന്‍സും അദാനി ട്രിവാന്‍ഡ്രം റോയല്‍സും സഞ്ജുവിനായി രംഗത്തുണ്ടായിരുന്നു. ഇതില്‍ കൊച്ചിയും തൃശൂരും തമ്മിലാണ് വാശിയേറിയ മത്സരം നടന്നത്.

ഒടുവില്‍ രാജസ്ഥാന്‍ നായകനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനമായിരുന്നു കൊച്ചി ബ്ലൂ ടൈഗേഴ്സിന്റേത്. ആറ് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ അഞ്ചാമതാണ് ടീം ഫിനിഷ് ചെയ്തത്.

പത്ത് മത്സരത്തില്‍ വെറും മൂന്ന് മത്സരത്തില്‍ മാത്രമാണ് ടീം വിജയിച്ചത്. ഏഴിലും പരാജയപ്പെട്ടു. കൊച്ചി ബ്ലൂ ടൈഗേഴ്സിനാക്കാള്‍ ഒറ്റ മത്സരം അധികം വിജയിച്ചതിന്റെ കരുത്തിലാണ് തൃശൂര്‍ ടൈറ്റന്‍സ് കേരള ക്രിക്കറ്റ് ലീഗ് 2024ന്റെ നോക്ക്ഔട്ട് പോരാട്ടത്തിന് യോഗ്യത നേടിയത്.

കഴിഞ്ഞ സീസണിലെ എല്ലാ നിരാശയും അവസാനിപ്പിക്കാന്‍ തന്നെയാണ് ബ്ലൂ ടൈഗേഴ്സ് ഒരുങ്ങുന്നത്.

Content Highlight: Sanju Samson about Kerala Cricket League

We use cookies to give you the best possible experience. Learn more