കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് – ആരീസ് കൊല്ലം സെയ്‌ലേഴ്‌സ് മത്സരം ക്രിക്കറ്റ് ആരാധകര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ വിരുന്ന് തന്നെയായിരുന്നു. ഇരു ടീമിലെയും സൂപ്പര്‍ താരങ്ങള്‍ തകര്‍ത്തടിച്ച ഹൈ സ്‌കോറിങ് ത്രില്ലറില്‍ സഞ്ജു സാംസണിന്റെ ബ്ലൂ ടൈഗേഴ്‌സാണ് വിജയിച്ചത്. മത്സരത്തിന്റെ അവസാന പന്തില്‍ വിജയിക്കാന്‍ ആറ് റണ്‍സ് വേണെമെന്നിരിക്കെ മുഹമ്മദ് ആഷിഖാണ് കടുവകള്‍ക്ക് വിജയം സമ്മാനിച്ചത്.
മത്സരശേഷം കെ.സി.എല്ലിനെ കുറിച്ചും ടൂര്‍ണമെന്റിലെ താരങ്ങളെ കുറിച്ചുമുള്ള സഞ്ജുവിന്റെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. ഇന്ത്യന്‍ നാഷണല്‍ ടീമില്‍ അധികം വൈകാതെ മറ്റൊരു മലയാളി കൂടി കളിക്കുമെന്നാണ് സഞ്ജു അഭിപ്രായപ്പെട്ടത്.
‘സത്യം പറഞ്ഞാല്‍ നമ്മുടെ ഈ കളിക്കാരെ കുറിച്ചൊന്നും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ഇവര്‍ക്കൊപ്പം സമയം ചിലവിടുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുകയാണ്.
ടീമില്‍ അത്ഭുതപ്പെടുത്തുന്ന കഴിവുള്ള ഒരുപാട് കളിക്കാരുണ്ട്. ഡൊമസ്റ്റിക് മാച്ചുകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
കേരള ക്രിക്കറ്റില്‍ ഇത്രമാത്രം കഴിവുള്ള താരങ്ങളുണ്ട് എന്നത് ഞെട്ടിക്കുന്നതാണ്. ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ മറ്റൊരു മലയാളി താരം രാജ്യത്തിനായി കളിക്കുന്നത് നമുക്ക് കാണാനാവും. അങ്ങനെ സംഭവിക്കുമെന്ന് എനിക്കുറപ്പാണ്,’ സഞ്ജു പറഞ്ഞു.
കൊല്ലം സെയ്‌ലേഴ്‌സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് നീലക്കടുവകള്‍ സ്വന്തമാക്കിയത്. കൊല്ലം സെയ്ലേഴ്സ് ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ബ്ലൂ ടൈഗേഴ്‌സ് വിജയിക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആരീസ് കൊല്ലം സെയ്ലേഴ്ല്സ് ഓപ്പണര്‍ വിഷ്ണു വിനോദിന്റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.
41 പന്തില്‍ 94 റണ്‍സുമായാണ് വിഷ്ണു വിനോദ് കളം നിറഞ്ഞത്. പത്ത് സിക്സറും മൂന്ന് ഫോറും അടക്കം 229.27 സ്ട്രൈക്ക് റേറ്റില്‍ താരം സ്‌കോര്‍ വെടിക്കെട്ട് പുറത്തെടുത്തു. രണ്ടാം ഓപ്പണര്‍ അഭിഷേക് നായര്‍ നിരാശപ്പെടുത്തിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കൊപ്പം വിഷ്ണു മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു.
44 പന്തില്‍ 91 റണ്‍സുമായാണ് സച്ചിന്‍ ബേബി കരുത്ത് കാട്ടിയത്. ആറ് വീതം സിക്സറും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇരുവരുടെയും കരുത്തില്‍ സെയ്ലേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സിലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബ്ലൂ ടൈഗേഴ്സിനായി സഞ്ജു സാംസണും വിനൂപ് മനോഹരനും ആദ്യ വിക്കറ്റില്‍ 64 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതില്‍ 11 റണ്‍സാണ് വിനൂപിന് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. വണ്‍ ഡൗണായി ഇറങ്ങിയ മുഹമ്മദ് ഷാനുവിനെ ഒപ്പം കൂട്ടിയും സഞ്ജു സ്‌കോര്‍ ഉയര്‍ത്തി.
13ാം ഓവറിലെ അഞ്ചാം പന്തില്‍ ഷാനുവിനെ മടക്കി സെയ്ലേഴ്സ് ബ്രേക് ത്രൂ നേടി. 28 പന്ത് നേരിട്ട് 39 റണ്‍സുമായാണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സാലി സാംസണും വിക്കറ്റ് കീപ്പര്‍ നിഖില്‍ തോട്ടത്തും ഒറ്റയക്കത്തിന് മടങ്ങി.
19ാം ഓവറിലെ ആദ്യ പന്തില്‍ സഞ്ജു സാംസണും മടങ്ങി. അജയ്ഘോഷിന്റെ പന്തില്‍ ബൗള്‍ഡായി പുറത്താകും മുമ്പേ 51 പന്തില്‍ 121 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. ഏഴ് സിക്സറും 14 ഫോറും അടക്കം 237.25 സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു സ്‌കോര്‍ ചെയ്തത്. കെ.സി.എല്ലില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറിയാണിത്.
സഞ്ജു മടങ്ങിയെങ്കിലും മികച്ച പിന്തുണ നല്‍കിയ മുഹമ്മദ് ആഷിഖ് വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല.
അവസാന ഓവറില്‍ 17 റണ്‍സാണ് ബ്ലൂ ടൈഗ്ലേിന് വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ ഫോറും സിക്സറുമായി ആഷിഖ് സെയ്ലേഴ്സിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. മൂന്നാം പന്തില്‍ ബൈസിന്റെ രൂപത്തില്‍ ഒരു റണ്‍സ് ടീമിന്റെ അക്കൗണ്ടിലെത്തി.
നാലാം പന്തില്‍ സിംഗിള്‍ നേടിയ ആഷിഖിന് സ്ട്രൈക് കൈമാറാനുള്ള ശ്രമത്തിനിടെ ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ റണ്‍ ഔട്ടായി മടങ്ങി. എങ്കിലും ആഷിഖ് സ്ട്രൈക്കിലെത്തി. അവസാന രണ്ട് പന്തില്‍ ആറ് റണ്‍സായിരുന്നു ടൈഗേഴ്സിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. അഞ്ചാം പന്ത് ഡോട്ട് ആയെങ്കിലും അവസാന പന്തില്‍ സിക്സറടിച്ച് ആഷിഖ് ടീമിന് വിജയം സമ്മാനിച്ചു.
Content Highlight: Sanju Samson about KCL and Kerala Players