| Monday, 27th July 2026, 3:46 pm

ടീമിലെ അവസരത്തിനായി ഓടാനില്ല, ഇന്ത്യയ്ക്ക് എന്നെ ആവശ്യമുണ്ടെങ്കില്‍... 2028 ലോകകപ്പിനെ കുറിച്ച് സഞ്ജു

ആദർശ് എം.കെ.

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിന് പിന്നാലെ 2028 ലോകകപ്പിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ നിരന്തരമായ മത്സരയോട്ടത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ടീമിന് തന്നെ ആവശ്യമുണ്ടെങ്കില്‍ എല്ലാം വഴി പോലെ നടക്കുമെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.

ജിയോ ഹോട്ട്‌സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജു സാംസണ്‍. Photo: BCCI

‘ഇന്ത്യന്‍ ക്രിക്കറ്റില്‍ ടീമിലെത്തിപ്പെടാന്‍ നിരന്തരമായ മത്സരം നടക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി, 2026 ലോകകപ്പിന് മുമ്പ് അത്തരത്തിലൊന്നില്‍ ഭാഗമാകില്ലെന്ന് ഞാന്‍ തീരുമാനിച്ചു. കളി ആസ്വദിക്കുക മാത്രമാണ് എനിക്ക് വേണ്ടത്. ദൈവകൃപയാല്‍ ഞാന്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചു.

എനിക്കിപ്പോള്‍ 31 വയസായി, ക്രിക്കറ്റില്‍ ഇനി കുറച്ച് വര്‍ഷങ്ങള്‍ കൂടി എനിക്ക് ബാക്കിയുണ്ട്. അതിനാല്‍ എന്റെ ഇഷ്ടപ്രകാരം കളിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എങ്ങനെ കളിക്കണമെന്നോ ആരും എന്നോട് പറയില്ല. സഞ്ജുവിന് വേണ്ടി സഞ്ജു തന്നെ തീരുമാനിക്കും.

സഞ്ജു സാംസണ്‍. Photo: BCCI

2024 ലോകകപ്പിന് ശേഷം 2026 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുമെന്ന് പോലും ഞാന്‍ കരുതിയിരുന്നില്ല. ഒരുഘട്ടത്തില്‍ 14-15 അംഗ ടീമില്‍ പോലും ഞാന്‍ ഉണ്ടായിരുന്നില്ല, അപ്പോള്‍ 2028 ലോകകപ്പിനെ കുറിച്ച് എനിക്കെന്ത് പറയാനാകും.

ഞാന്‍ നന്നായി കളിക്കുന്നുണ്ടെങ്കില്‍, ടീമിന് എന്നെ വേണമെന്നുണ്ടെങ്കില്‍ എല്ലാം വഴി പോലെ നടക്കും. ഒരുപക്ഷേ അങ്ങനെ സംഭവിച്ചില്ലെങ്കിലും എല്ലാത്തിനും സന്തോഷവും നന്ദിയുമുണ്ട്. ഈ നേട്ടം (2026 ടി-20 ലോകകപ്പ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്) ആര്‍ക്കും എന്നില്‍ നിന്നും എടുത്തുകളയാന്‍ സാധിക്കില്ല,’ സഞ്ജു പറഞ്ഞു.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്കാരവുമായി

സിംബാബ്‌വേയ്‌ക്കെതിരായ പരമ്പരയ്ക്ക് പിന്നാലെ സഞ്ജുവിനെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിലെ യുക്തി ചോദ്യം ചെയ്ത് പലരും രംഗത്തെത്തിയിരുന്നു. ഓപ്പണിങ്ങിലെ പരീക്ഷണങ്ങള്‍ക്കായി വൈഭവിനെ കൊണ്ടുവന്നതും ശേഷം വൈഭവിനും സ്ഥിരമായി അവസരം നല്‍കാത്തതുമായിരുന്നു ഇവര്‍ ചൂണ്ടിക്കാട്ടിയത്. ഒരേസമയം രണ്ട് താരങ്ങളെ ഇന്ത്യ നശിപ്പിക്കുകയാണ് എന്നായിരുന്നു പ്രധാന വിമര്‍ശനം.

ഷെവ്‌റോണ്‍സിനെതിരായ പരമ്പരയില്‍ നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും, ജപ്പാനില്‍ നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ 31കാരനായ സഞ്ജു ഉള്‍പ്പെട്ടിട്ടുണ്ട്.

2026 ട്വന്റി-20 ലോകകപ്പിന് ശേഷം അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലായി നാല് മത്സരങ്ങളിലാണ് സഞ്ജു കളിച്ചത്. അയര്‍ലന്‍ഡില്‍ 5, 0 എന്നിങ്ങനെയും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ഒരു റണ്‍സുമാണ് നേടിയത്. പിന്നീട് വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയതോടെ പുറത്തിരുന്ന സഞ്ജു, അവസാന മത്സരത്തില്‍ തിരിച്ചെത്തി 14 പന്തില്‍ 27 റണ്‍സ് നേടിയിരുന്നു.

Content Highlight: Sanju Samson about 2028 world cup

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more