ഇന്ത്യ – അയര്‍ലാന്‍ഡ് രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് ഇന്നാണ് തുടക്കമാവുന്നത്. അയര്‍ലാന്‍ഡിലെ ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ഗ്രൗണ്ടാണ് മത്സരത്തിന്റെ വേദി. സ്‌കൈ യുഗത്തിന് ശേഷം പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടി-20 പരമ്പരയാണിത്. യുവതാരം വൈഭവ് സൂര്യവംശിയും ഈ പരമ്പരയില്‍ ഇടം നേടിയിട്ടുണ്ട്.
ഇതിന് പുറമെ ഐ.പി.എല്ലിന് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ കുപ്പായത്തിലേക്ക് തിരിച്ചെത്തുന്ന പരമ്പര കൂടിയാണിത്. ഈ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഒരു ചരിത്ര നേട്ടവും സഞ്ജുവിന് തന്റെ പേരിലാക്കി മാറ്റാന്‍ സാധിക്കും. ടി-20യില്‍ 9000 റണ്‍സെന്ന ചരിത്ര നേട്ടത്തിലേക്കാണ് സഞ്ജു കണ്ണുവെക്കുന്നത്.
സഞ്ജു സാംസൺ
ഇതിനായി സഞ്ജുവിന് വേണ്ടത് 123 റണ്‍സാണ്. നിലവില്‍ ടി-20യില്‍ 8877 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. ഇതില്‍ 1399 റണ്‍സ് ഇന്ത്യന്‍ കുപ്പായത്തിലാണ് താരം നേടിയത്. 62 മത്സരങ്ങളില്‍ മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും അടിച്ചാണ് വിക്കറ്റ് കീപ്പര്‍ ഇത്രയും റണ്‍സ് തന്റെ അക്കൗണ്ടിലെത്തിച്ചത്.
ടി-20യില്‍ 9000 റണ്‍സ് സ്വന്തമാക്കിയാല്‍ ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായും സഞ്ജു മാറും. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.
വിരാട് കോഹ്‌ലി-14218
രോഹിത് ശര്‍മ-13249
സൂര്യകുമാര്‍ യാദവ്-9729
ശിഖര്‍ ധവാന്‍-9797
സഞ്ജു സാംസണ്‍- 8877
അതേസമയം 2026 ഐ.പി.എല്ലില്‍ സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ ടീമിന്റെ ടോപ് സ്‌കോററായി മാറാന്‍ സഞ്ജുവിന് സാധിച്ചു.
14 ഇന്നിങ്‌സില്‍ നിന്നും രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 477 റണ്‍സാണ് സഞ്ജു നേടിയത്. ഈ മിന്നും പ്രകടനം അയര്‍ലാന്‍ഡിനെതിരെയും സഞ്ജു ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
അയര്‍ലാന്‍ഡ് ടി-20 പരമ്പരക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വൈഭവ് സൂര്യവംശി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.
Content Highlight: Sanju Samons need 123 runs to create a new record in T20 cricket