| Saturday, 31st January 2026, 8:54 pm

'എസ്.എഫ്.ഐയെ കുറിച്ച് രാജീവ് ചന്ദ്രശേഖറിന് ഒരു ചുക്കും അറിയില്ല' വിമര്‍ശിച്ച് സഞ്ജീവ് പി.എസ്

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയെ കുറിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ഒരു ചുക്കും അറിയില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ്.

കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐയ്ക്ക് ഒപ്പമാണെന്നാണ് രാജീവ് ചന്ദ്രശേഖറിന് അറിയാമെന്നും സഞ്ജീവ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സഞ്ജീവിന്റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുള്ള സാധ്യത പൂജ്യമാണെന്നും എസ്.എഫ്.ഐക്കാര്‍ പോലും ഇടതുമുന്നണിയ്ക്ക് വോട്ട് ചെയ്യില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ഇന്ന് (ശനി) പറഞ്ഞിരുന്നു. മനോരമയുടെ ‘പോര്‍മുഖ’ത്തിലായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ പരാമര്‍ശം.

എന്നാല്‍ തങ്ങളുടെ പോരാട്ടത്തിന്റെ കൂടി ഭാഗമായുണ്ടായ കേരളത്തിലെ ഇടതു മുന്നേറ്റത്തെ, അതിന്റെ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ എസ്.എഫ്.ഐ ഏതറ്റം വരെയും പോകുമെന്നാണ് സഞ്ജീവ് ഇതിന് നൽകിയ മറുപടി. ഇടതുപക്ഷത്തിന് എസ്.എഫ്.ഐക്കാരും സകല മനുഷ്യരും വോട്ട് ചെയ്യുമെന്നും സഞ്ജീവ് പറഞ്ഞു.

‘എനിക്ക് മുണ്ട് മടക്കി കുത്താനും അറിയാം, വേണ്ടി വന്നാല്‍ മലയാളത്തില്‍ രണ്ട് തെറി പറയാനും അറിയാം. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സഹായത്താല്‍ ഭൂമി തട്ടാനുമറിയാം, അതിന്റെ സ്മരണയില്‍ കേരളത്തില്‍ യു.ഡി.എഫ് ജയിക്കുമെന്ന് നന്ദി സൂചകമായി പറയാനുമറിയാം,’ എന്ന പരിഹാസത്തോട് കൂടിയാണ് സഞ്ജീവിന്റെ പോസ്റ്റ്.

ഇടതുസര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്നും സഞ്ജീവ് പ്രതികരിച്ചു. കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന മുന്നേറ്റം തുടരണം. അതിന് വഴിമരുന്നാകും വിധത്തിലാണ് സംസ്ഥാനത്ത് ഈ അധ്യായന വര്‍ഷത്തെ കലാലയ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉണ്ടായതെന്നും സഞ്ജീവ് പി.എസ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ 14 സര്‍വകലാശാലകളിലും ഐ.ടി.ഐകളിലും പോളികളിലും സ്‌കൂളുകളിലുമായി നടന്ന തെരഞ്ഞെടുപ്പുകളിൽ,  മൂന്നാമതും കേരളത്തില്‍ ഇടതുസര്‍ക്കാര്‍ വരുമെന്ന് ഉറപ്പിക്കുന്ന തരത്തില്‍ വിദ്യാര്‍ത്ഥികള്‍ ഇടതോരം ചേര്‍ന്നുനിന്നു. ഇത് മനസിലാക്കിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയെന്നും സഞ്ജീവ് പറഞ്ഞു.

കേരളത്തിന്റെ യുവമനസ് ഇടതുപക്ഷത്തിന് ഒപ്പമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം ആര്‍.എസ്.എസ് പരിപാടികളില്‍ പങ്കെടുക്കുന്ന വി.ഡി. സതീശന് കൂടി പറഞ്ഞ് കൊടുക്കണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു.

അതേസമയം കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധവികാരമുണ്ടെന്നും സംസ്ഥാനത്തെ ഹിന്ദു വോട്ടുകള്‍ പിടിക്കാന്‍ ഇനിയെന്ത് കസര്‍ത്ത് കാണിച്ചാലും ഇടതുമുന്നണിയ്ക്ക് സാധിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. യുവാക്കള്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്യില്ലെന്നും ചന്ദ്രശേഖര്‍ ആവര്‍ത്തിച്ചിരുന്നു.

Content Highlight: Sanjeev P.S says that Rajeev Chandrasekhar does not know a single thing about SFI

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more