തമിഴ് സിനിമയിലെ സൂപ്പർതാരവും മലയാളികൾക് ഏറെ പ്രിയങ്കരനുമായ നടനാണ് വിജയ്. താരത്തിന്റെ സിനിമകളും ഗാനങ്ങളും കേരളത്തിലും വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. വേട്ടൈക്കാരൻ സിനിമയിലെ ‘ഞാൻ അടിച്ചാ താങ്ങമാട്ടേ’ എന്ന ഗാനരംഗത്തിൽ അച്ഛനൊപ്പം അഭിനയിച്ച ബാല്യകാല ഓർമകളാണ് ഇപ്പോൾ മകൻ സഞ്ജയ് വിജയ് പങ്കുവെക്കുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുവായിരുന്നു താരം.
‘ഇപ്പോൾ ആ വീഡിയോ കാണുമ്പോൾ, ‘ഞാൻ തന്നെയാണോ ഇതൊക്കെ ചെയ്തത്’ എന്ന് തോന്നിപ്പോകാറുണ്ട്. കുറച്ച് പ്രാക്ടീസ് ചെയ്താൽ എനിക്ക് ഡാൻസ് ചെയ്യാൻ പറ്റും. പക്ഷേ നാച്ചുറലായി ഒരു ഇവന്റിന് പോയി ഡാൻസ് ചെയ്യുന്ന ടൈപ്പ് ആളല്ല ഞാൻ. വീട്ടിൽ കൂട്ടുകാരോടൊപ്പം ലൈറ്റായി ഡാൻസ് ചെയ്യാറുണ്ട്. അന്ന് വേട്ടയ്ക്കാരനിൽ വളരെ ചെറിയ പ്രായമായിരുന്നതിനാൽ നല്ല കോൺഫിഡൻസോടെയാണ് ഡാൻസ് ചെയ്തത്. ഞാൻ എങ്ങനെയാണ് ആ പാട്ടിന്റെ ഭാഗമായതെന്ന് പോലും എനിക്ക് ഓർമയില്ല. എന്നാൽ ലൊക്കേഷനിലെ കാര്യങ്ങൾ എല്ലാം ഇന്നും ഓർമയുണ്ട്. ഷോബി മാസ്റ്ററായിരുന്നു കൊറിയോഗ്രാഫർ. കോസ്റ്റ്യൂം ധരിച്ച് ഞാനും അപ്പയും ഒരേ പോലെയുള്ള വസ്ത്രം ധരിച്ച് നിൽക്കുന്നതൊക്കെ ഇപ്പോഴും മനസിലുണ്ട്.’ എന്ന് ജോസൺ സഞ്ജയ് പറഞ്ഞു.
വേട്ടൈക്കാരൻ.Photo:Screengrab/ Youtube
‘ആക്ഷൻ പറഞ്ഞപ്പോൾ അവിടെ നിറയെ ആളുകളെ കണ്ടതോടെ ഞാൻ നേരെ പോയി അച്ഛനെ കെട്ടിപ്പിടിക്കുകയായിരുന്നു. അപ്പയും ഷോബി മാസ്റ്ററും ഒപ്പമുണ്ടായിരുന്നത് എനിക്ക് വലിയൊരു കംഫർട്ട് ആയിരുന്നു. എട്ടോ ഒമ്പതോ വയസ്സ് മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. അതിന്റെ സീരിയസ്നസ് എന്താണെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. അച്ഛന്റെ കൂടെ സ്ക്രീൻ ഷെയർ ചെയ്യാൻ പോകുകയാണ്, ജോളിയായി ചെയ്യാം എന്ന ചിന്തയോടെയാണ് ഞാൻ അതെല്ലാം ചെയ്തത്. ഇപ്പോൾ ആ വീഡിയോ കാണുമ്പോഴാണ് ഞാൻ അതെങ്ങനെയാണ് ചെയ്തതെന്ന് ആലോചിക്കുന്നത്. എന്നെ എങ്ങനെയാണ് കൺവിൻസ് ചെയ്ത് അപ്പ അതിലേക്ക് കൊണ്ടുവന്നതെന്നൊന്നും എനിക്ക് ഓർമയില്ല,’ താരം പറയുന്നു.
എനിക്ക് ഷൂട്ടിംഗ് കാണാൻ പോകുന്നത് വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് അപ്പ വിളിച്ചപ്പോൾ പോയതായിരിക്കും. പക്ഷേ പെട്ടെന്ന് എനിക്ക് ഷോട്ട് വെച്ചപ്പോൾ ഞാൻ പേടിച്ചു. ഇപ്പോൾ ഞാൻ ഡയറക്റ്റ് ചെയ്യുമ്പോഴാണ് അതിന്റെ സീരിയസ്നസ് എത്രത്തോളമാണെന്നും ആ നിമിഷത്തിന്റെ വാല്യൂ എന്താണെന്നും എനിക്ക് ശരിക്കും മനസിലാകുന്നത് എന്നും ജോസൺ സഞ്ജയ് കൂട്ടിച്ചേർത്തു.
ജോസൺ സഞ്ജയ്.Photo: Screengrab/ Youtube
അതേസമയം, സഞ്ജയ് വിജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ് സിഗ്മ. സുന്ദീപ് കിഷനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരനാണ് നിർമ്മാണം. ഫരിയ അബ്ദുള്ള, രാജു സുന്ദരം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ചിത്രം റിലീസിന് ഒരുങ്ങാൻ തയ്യാറെടുക്കുകയാണ്.