| Wednesday, 5th August 2026, 7:16 pm

പാർവതി ഒരു ബോൺ ആക്റ്റർ ആണെന്ന് ആ ഒഡീഷൻ കണ്ടപ്പോളേ മനസിലായി: സഞ്ജയ്

കെ.എസ് ഷാബിന

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ 2006ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘നോട്ട്ബുക്ക്. സഞ്ജയ്-ബോബി കൂട്ടുകെട്ടിൽ എഴുതി, കൗമാരക്കാർക്കിടയിലെ സൗഹൃദവും പ്രണയവും പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒന്നാണ്. ഇപ്പോൾ ചിത്രത്തിലെ പൂജ, സൈറ, ശ്രീദേവി എന്നീ കഥാപാത്രങ്ങളിലേക്ക് പാർവതി, റോമ, മരിയ എന്നിവരെ കണ്ടെത്തിയത് എങ്ങനെയെന്ന് തുറന്നുപറയുകയാണ് തിരക്കഥാകൃത്ത് സഞ്ജയ്. പോർട്രയൽ ബൈ ഗദ്ദാഫി’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂജയായി എത്തിയ പാർവതിയെ ഓഡിഷൻ വഴിയാണ് ‘നോട്ട്ബുക്കി’ലേക്ക് തിരഞ്ഞെടുത്തെന്ന് സഞ്ജയ് പറയുന്നു. പാർവതി തിരുവോത്തായിരുന്നു നോട്ട്ബുക്ക് സിനിമയിൽ പൂജയായി വേഷമിട്ടത്. സൈറ എന്ന കഥാപാത്രത്തിനായി റോമയെ ഒരു മോഡൽ കോർഡിനേറ്റർ വഴിയാണ് ലഭിച്ചതെന്നും, ശ്രീദേവിക്കായി താൻ പഠിച്ച സ്കൂളിൽ നിന്നുമാണ് മരിയയെ കണ്ടെത്തിയതെന്നും സഞ്ജയ് കൂട്ടിച്ചേർക്കുന്നു.

സഞ്ജയ്. നോട്ട്ബുക്ക്. Photo: M3DB

‘ ആ മൂന്ന് പെൺകുട്ടികൾക്കും വേണ്ടി ഒരുപാട് ഒഡിഷനുകൾ നടത്തിയിരുന്നു, എന്നാൽ ചിലരെ ഒഡിഷനുകളിൽ നിന്നല്ലാതെയും ലഭിച്ചു. അതിലേക്ക് പാർവതി ഒഡിഷൻ വഴി വന്നതാണ്. ആ ഒഡിഷനിൽ പ്രധാന കഥാപാത്രത്തിനായി പാർവതിയെ മാത്രമേ ഞങ്ങൾ തിരഞ്ഞെടുത്തിരുന്നുള്ളൂ. ഒഡിഷനിൽ നിന്നും ലഭിക്കാത്തതിനെ തുടർന്നാണ് ഒരു മോഡൽ കോർഡിനേറ്റർ വഴി റോമയിലേക്ക് എത്തുന്നത്.

എന്നാൽ മരിയയെ ലഭിക്കുന്നത് വളരെ രസകരമായ ഒരു അനുഭവമാണ്. ഞങ്ങൾ പഠിച്ചത് ‘പള്ളിക്കൂടം’ എന്ന സ്കൂളിലായിരുന്നു. ശ്രീദേവി എന്ന കഥാപാത്രത്തെ മാത്രം ലഭിക്കാതെ വന്നപ്പോൾ ഞങ്ങൾ പഠിച്ച സ്കൂളുമായി ബന്ധപ്പെട്ടു. പണ്ട് മുതലേ കലയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്കൂളായിരുന്നു അത്. അങ്ങനെ കലാവാസനയുള്ള കുട്ടികളാരെങ്കിലും ഉണ്ടോ എന്നറിയാൻ ഞങ്ങൾ അവിടേക്ക് ചെന്നു.

നോട്ട്ബുക്ക്. Photo: M3DB

അവിടെ ഒരു നാടകത്തിന്റെ റിഹേഴ്സൽ നടക്കുകയായിരുന്നു. അത് കാണാൻ ഞങ്ങളെയും ക്ഷണിച്ചു. റിഹേഴ്സൽ കണ്ടുകൊണ്ടിരുന്നപ്പോൾ, കുട്ടികൾക്ക് അഭിനയം പറഞ്ഞുകൊടുക്കുന്ന ഒരു പെൺകുട്ടിയെയാണ് ഞാൻ ശ്രദ്ധിച്ചത്. ആ കുട്ടിയുടെ ആക്ഷൻസും ബോഡി ലാംഗ്വേജും എക്സ്പ്രഷനുകളുമെല്ലാം വളരെ രസകരമായി തോന്നി. അന്വേഷിച്ചപ്പോഴാണ് അത് സ്കൂൾ ഉടമസ്ഥയായ മിസിസ് മേരി റോയിയുടെ കൊച്ചുമകൾ മരിയയാണെന്ന് അറിയുന്നത്. അങ്ങനെയാണ് മരിയ ചിത്രത്തിലേക്ക് എത്തുന്നത്,’സഞ്ജയ് പറയുന്നു.

ആര് ഏത് കഥാപാത്രത്തെ അവതരിപ്പിക്കണം എന്ന് തീരുമാനിക്കുന്നതിൽ ആദ്യം ആശയക്കുഴപ്പം ഉണ്ടായിരുന്നു എന്ന് സഞ്ജയ് പറയുന്നു. സൈറ റോമ ആകണം എന്ന കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു എന്നും, പാർവതിയാണോ അതോ മറ്റൊരു കുട്ടിയാണോ പൂജ ആകേണ്ടത് എന്ന കാര്യത്തിൽ ചെറിയൊരു സംശയം ഉണ്ടായിരുന്നു എന്നും സഞ്ജയ് ഓർത്തെടുക്കുന്നു.

‘അന്ന് ആര് ഏത് കഥാപാത്രം ചെയ്യണമെന്നതിൽ ചെറിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. മരിയയെ ‘ശ്രീദേവി’യാക്കിയത് സംവിധായകൻ റോഷൻ ആണ്. റോമ ‘സൈറ’ ആകണമെന്ന കാര്യത്തിൽ യാതൊരു സംശയവുമുണ്ടായിരുന്നില്ല. എന്നാൽ പാർവതിയാണോ മറ്റൊരു കുട്ടിയാണോ ‘പൂജ’ ആകേണ്ടതെന്ന കാര്യത്തിൽ ചെറിയൊരു സംശയമുണ്ടായിരുന്നു. ഒടുവിൽ അത് പാർവതിയിലേക്ക് തന്നെ എത്തിച്ചേർന്നു. അന്ന് ഒഡിഷൻ ചെയ്തപ്പോൾ തന്നെ പാർവതി ഒരു ‘ബോൺ ആക്ടർ’ആണെന്ന് ഞങ്ങൾക്ക് മനസിലായിരുന്നു,’സഞ്ജയ് പറയുന്നു.

Content Highlight: Sanjay says Parvathy thiruvoth is a born actor

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more