| Wednesday, 20th August 2025, 6:02 pm

പുതിയ ബില്ലിൽ നായിഡുവും നിതീഷും ഭയപ്പാടിലാണ്; എന്‍.ഡി.എ നേതാക്കളെ പരിഹസിച്ച് സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജയിലിലടക്കപ്പെടുന്ന മന്ത്രിമാരെ പുറത്താക്കുന്ന പുതിയ ഭരണഘടനാ ഭേദഗതി ബില്ലില്‍ എന്‍.ഡി.എ നേതാക്കളെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സഞ്ജയ് റാവത്ത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പുതിയ ബില്‍ കൊണ്ടുവന്നതോടെ യഥാക്രമം ആന്ധ്രാപ്രദേശ്, ബീഹാര്‍ മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവര്‍ ഭയപ്പാടിലാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് ടി.എം.സി എം.പിയുടെ പരിഹാസം.

മോദി ഇപ്പോള്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ അധ്യക്ഷനായ ചന്ദ്രബാബു നായിഡുവും ജെ.ഡി.യു മേധാവിയായ നിതീഷ് കുമാറും ബി.ജെ.പിക്ക് നല്‍കുന്ന പിന്തുണ പിന്‍വലിക്കുമോ എന്ന പേടിയിലാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

അതേസമയം പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ ഒന്നാം നിരയില്‍ നിന്ന് മാറി മൂന്നാം നിരയില്‍ നിന്നാണ് അമിത് ഷാ ബില്‍ അവതരിപ്പിച്ചത്. ബില്‍ ചര്‍ച്ച ചെയ്യാനായി 31 അംഗ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയെ രൂപീകരിച്ചു. ജെ.പി.സിയിലെ 21 അംഗങ്ങള്‍ ലോക്സഭയില്‍ നിന്നും 10 അംഗങ്ങള്‍ രാജ്യസഭയില്‍ നിന്നുമായിരിക്കും.

പിന്നാലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് അഞ്ച് മണി വരെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെ ഇരുപക്ഷവും സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. അമിത് ഷായെ ആക്രമിച്ചെന്നാണ് ബി.ജെ.പിയുടെ പരാതി.

വനിത എം.പി മിതാലി ബാഗിനെ കേന്ദ്രമന്ത്രിമാരായ രവനീത് ബിട്ടുവും കിരണ്‍ റിജുജുവും ആക്രമിച്ചുവെന്ന് കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കി. പേപ്പറിനുള്ളില്‍ കല്ലുവെച്ചുകൊണ്ട് എറിഞ്ഞെന്നാണ് ബി.ജെ.പിയുടെ ആരോപണം.

നിലവില്‍ രണ്ട് വര്‍ഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാല്‍ ആറ് വര്‍ഷത്തേക്ക് മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്ക് നേരിടുന്നുള്ളു.

എന്നാല്‍ പുതിയ ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും കേന്ദ്രസര്‍ക്കാര്‍ വേട്ടയാടാൻ സാധ്യതയുണ്ടെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.

Content Highlight: Naidu and Nitish are scared after the new bill was introduced; Sanjay Raut mocks NDA leaders

We use cookies to give you the best possible experience. Learn more