മുംബൈ: കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുണ്ടായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണര്‍ വജുഭായ് വാലയെ നായയോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം.
ഇന്നുമുതല്‍ ഇന്ത്യയിലെ ജനങ്ങളെല്ലാം തങ്ങളുടെ നായകള്‍ക്ക് വജുഭായ് വാല എന്ന് പേരിടുമെന്നും ഇത്രയധികം ഒരു പാര്‍ട്ടിയോടോ നേതാവിനോടോ കൂറുള്ള ഒരാളും ഇന്ത്യയില്‍ ഉണ്ടാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എ.എന്‍.ഐയോടായിരുന്നു നിരുപത്തിന്റെ പ്രതികരണം. യെദ്യൂരപ്പ രാജിവെച്ച് മണിക്കുറുകള്‍ക്കുള്ളിലായിരുന്നു ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇദ്ദേഹം രംഗത്തെത്തിയത്.
കര്‍ണാടകയില്‍ കൂടുതല്‍ ഭൂരിപക്ഷമുണ്ടായിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബി.ജെ.പിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു ഗവര്‍ണര്‍. മാത്രമല്ല ഭൂരിപക്ഷം തെളിയിക്കാന്‍ പതിനഞ്ച് ദിവസത്തെ സമയവും ഗവര്‍ണര്‍ അനുവദിച്ചിരുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഗവര്‍ണര്‍ക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് കേസ് പരിഗണിക്കവേ സുപ്രീം കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ സഞ്ജയ് നിരുപത്തിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തി. ഗവര്‍ണര്‍മാരെ ബഹുമാനിക്കാന്‍ കോണ്‍ഗ്രസിന് അറിയില്ലെന്നായിരുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറിന്റെ പ്രതികരണം. അധികാരം ലഭിക്കുമെന്ന് ഉറപ്പായപ്പോള്‍ കോണ്‍ഗ്രസ് കാണിക്കുന്ന അഹങ്കാരമാണ് ഇതെന്നും ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നും ജാവേദ്ക്കര്‍ പറഞ്ഞു.
എന്നാല്‍ ഇത്തരം പ്രസ്താവനകളോട് കോണ്‍ഗ്രസ് അനുകൂലിക്കുന്നില്ലെന്നും എന്നാല്‍ ജനാധിപത്യത്തെ കൊല്ലുന്ന നടപടിയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. ഇത്തരത്തില്‍ വ്യക്തികളെ കടന്നാക്രമിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.