സഞ്ജു സാംസണിന്റെ സാന്നിധ്യമാണ് സിംബാബ്‌വേയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായതെന്ന് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഓപ്പണിങ്ങിലെ ഇടംകൈ വലംകൈ കോമ്പിനേഷന്‍ ടീമിന് മികച്ച തുടക്കം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജുവുള്ളതിനാലാണ് സിക്കന്ദര്‍ റാസ പവര്‍പ്ലേയില്‍ ഓഫ് സ്പിന്‍ ഉപയോഗിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു മഞ്ജരേക്കര്‍.
സഞ്ജയ് മഞ്ജരേക്കര്‍. Photo: Jayprakash MSDian™/x.com
‘ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ ഇടം കൈ വലം കൈ കോമ്പിനേഷന്‍ ഉപയോഗിച്ചത് ഇന്ത്യയുടെ മികച്ച തീരുമാനമായിരുന്നു. അത് ഇന്ത്യയെ വലിയ രീതില്‍ സഹായിച്ചു. ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയുമാണ് ഓപ്പണ്‍ ചെയ്തിരുന്നതെങ്കില്‍ സിക്കന്ദര്‍ റാസ പന്തെറിയുമായിരുന്നു. അവരാണ് കളിച്ചിരുന്നതെങ്കില്‍ ഓഫ് സ്പിന്‍ എറിയുമായിരുന്നു. അത് ഇന്ത്യയ്ക്ക് വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക.
എന്നാല്‍, സഞ്ജു സാംസണിന്റെ സാന്നിധ്യം ടീമിലുള്ളതിനാല്‍ സിംബാബ്‌വേയ്ക്ക് അതിന് സാധിച്ചില്ല. ഓഫ് സ്പിന്‍ ഏറെ വൈകിയാണ് അവര്‍ പരീക്ഷിച്ചത്. അപ്പോള്‍ ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് കുറയുകയും ചെയ്തു. എന്നാല്‍, ടോപ് ഓര്‍ഡറിലെ ഇടം കൈ വലം കൈ കോമ്പിനേഷന്‍ പരീക്ഷിച്ചത് വളരെ വലിയ മാറ്റമാണ്. അതിന് ടീമിന് മികച്ച രീതിയില്‍ ഗുണം ചെയ്യുകയും ചെയ്തു,’ മഞ്ജരേക്കര്‍ പറഞ്ഞു.
മറ്റ് മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി ഇന്ത്യ പുതിയ ഓപ്പണിങ് കൂട്ടുകെട്ടാണ് സിംബാബ്‌വേയ്ക്ക് എതിരെ പരീക്ഷിച്ചത്. സഞ്ജുവും അഭിഷേകുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഇരുവരും ചേര്‍ന്ന് 48 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.
സഞ്ജു സാംസൺ. Photo: The Cricket Panda/x.com
ഇതാണ് ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട്. ഇവര്‍ നല്‍കിയ അടിത്തറയുടെ ബലത്തിലാണ് നീലപ്പടയ്ക്ക് മികച്ച സ്‌കോറുയര്‍ത്താനും പിന്നീട് വലിയ മാര്‍ജിനില്‍ ജയിക്കാനും സാധിച്ചത്.
Content Highlight: Sanjay Manjrekkar says that presence of Sanju Samson is crucial in India’s win against Zimbabwe in T20 World Cup