| Saturday, 27th June 2026, 10:53 am

അവനേക്കാൾ നന്നായി കളിക്കാൻ സഞ്ജുവിന് സാധിക്കും: സഞ്ജയ് മഞ്ജരേക്കർ

സുദേവ് എ

അയര്‍ലാന്‍ഡിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍ നടത്തിയത്. ടി-20 ലോകകപ്പിലും ഐ.പി.എല്ലിലും മികച്ച പ്രകടനം നടത്തിയ സഞ്ജു അയര്‍ലാന്‍ഡിനെതിരെ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തുകയായിരുന്നു.

ഇപ്പോള്‍ സഞ്ജുവിന്റെ ഈ മോശം പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. സഞ്ജു കൂടുതല്‍ ശ്രദ്ധയോടെ കളിക്കണമെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്. അഭിഷേക് ശര്‍മയെക്കാളും നന്നായി കളിക്കാന്‍ സഞ്ജുവിന് സാധിക്കുമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. വൈഭവ് സൂര്യവംശി മികച്ച പ്രകടനമാണ് നടത്തുന്നതെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. സോണി സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു മഞ്ജരേക്കര്‍.

‘സഞ്ജു സാംസണ്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം. കാരണം വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയും മികച്ച പ്രകടനമാണ് നടത്തുന്നത്. അഭിഷേക് ശര്‍മ ചെയ്തത് പോലെ അതിലും നന്നായി കളിക്കാന്‍ സഞ്ജുവിന് സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. പവര്‍പ്ലേയിലെയിലെ ആദ്യ ആറ് ഓവര്‍ മാക്‌സിമം ഉപയാഗപ്പെടുത്തണം. അതിന് ശേഷം വരുന്ന ഓവറുകളിലും ഇതേ ആക്രമണ ശൈലി തുടരണം,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

അയര്‍ലാന്‍ഡിനെതിരെ നാല് പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ അഞ്ച് റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. ജെയ് മോന്ദ്രയുടെ ആദ്യ പന്തില്‍ ഇന്‍സൈഡ് എഡ്ജില്‍ ബൗള്‍ഡായാണ് സഞ്ജു പുറത്തായത്.

എന്നാല്‍ ഈ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശര്‍മ തിളങ്ങുകയും ചെയ്തിരുന്നു. 20 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 50 റണ്‍സായിരുന്നു താരം നേടിയത്.

എന്നാല്‍ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. മത്സരത്തില്‍ 34 റണ്‍സിന്റെ വമ്പന്‍ വിജയമാണ് അയര്‍ലാന്‍ഡ് സ്വന്തമാക്കിയത്. സ്റ്റോര്‍മോണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ടി-20യില്‍ അയര്‍ലാന്‍ഡിനോട് പരാജയമറിയുന്നത്. ഐറിഷ് പടക്കെതിരെ ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ എട്ട് വിജയം ഇന്ത്യ നേടിയപ്പോള്‍ ആദ്യമായാണ് ഐറിഷ് പട ഇന്ത്യയെ കീഴടക്കിയത്.

നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. സ്റ്റോര്‍മോണ്ടില്‍ നടക്കുന്ന അവസാന മത്സരം വിജയിച്ചുകൊണ്ട് ഇന്ത്യക്കെതിരെ ചരിത്രത്തില്‍ ആദ്യമായി പരമ്പര സ്വന്തമാക്കാനാവും അയര്‍ലാന്‍ഡ് ലക്ഷ്യം വെക്കുക. മറുവശത്ത് പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യക്കും വിജയം അനിവാര്യമാണ്.

Content Highlight: Sanjay Manjrekar talks about Sanju Samson performance against Ireland

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more