ഇന്ത്യൻ ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത രണ്ട് താരങ്ങളാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമയും. ഇരുവരും വളരെ അപ്രതീക്ഷിതമായി കഴിഞ്ഞ മാസം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. ഇരുവരും ഇന്ത്യക്കായി ഇനി ഏകദിനങ്ങളിൽ മാത്രമേ കളത്തിലിറങ്ങുകയുള്ളു. നേരത്തെ രോഹിതും വിരാടും ഇന്ത്യ ടി -20 ലോകകപ്പ് നേടിയതിന് ശേഷം ഒരുമിച്ച് ക്രിക്കറ്റിന്റെ ചെറിയ ഫോർമാറ്റിൽ നിന്ന് വിരമിച്ചിരുന്നു.
ഇപ്പോൾ ഇരുവരെയും ടെസ്റ്റ് ക്രിക്കറ്റിൽ ഒരുമിച്ച് പറയുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. രോഹിത്തിന്റെയും വിരാടിന്റെയും വൈറ്റ് ബോൾ ക്രിക്കറ്റിൽ സ്റ്റാറ്റ്സ് സാമ്യമുള്ളതിനാൽ രോ- കോ എന്ന് വിളിക്കുന്നത് ശരിയാണെന്നും റെഡ് ബോളിൽ അവരുടെ വ്യതാസം വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു.
താൻ ടെസ്റ്റിൽ അവരെ ഓരോ ക്യാറ്റഗറിയിൽ ഉൾപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സഞ്ജയ് മഞ്ജരേക്കർ ഇക്കാര്യം പറഞ്ഞത്.
‘രോഹിത് ശർമയും വിരാട് കോഹ്‌ലിയുമില്ലാതെ ഇംഗ്ലണ്ട് പര്യടനത്തിൽ സമ്മർദം തോന്നുമെന്ന് അടുത്തിടെ ശുഭ്മൻ ഗിൽ പറഞ്ഞതായി കണ്ടു. ഗിൽ എന്താണ് പറഞ്ഞതെന്നതിനെക്കുറിച്ചല്ല, മറിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ ആളുകൾ രോഹിത്തിനെയും വിരാടിനെയും എങ്ങനെ ഒരുമിച്ച് കൊണ്ടുവരുന്നു എന്നതിനെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്.
നമ്മൾ അവരെ ഒരുമിച്ച് രോ- കോ എന്ന് വിളിക്കുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ അത് ശരിയാണ്. ഇരുവർക്കും ഏകദേശം സാമ്യമുള്ള സ്റ്റാറ്റ്സാണുള്ളത്. പക്ഷേ, റെഡ് ബോളിൽ അവരുടെ വ്യതാസം വ്യക്തമാണ്. ഈ ഫോർമാറ്റിൽ ഞാൻ അവരെ ഓരോ ക്യാറ്റഗറിയിൽ ഉൾപ്പെടുത്തില്ല,’ മഞ്ജരേക്കർ പറഞ്ഞു.
View this post on Instagram
ഇരുവരും സേന രാഷ്ട്രങ്ങളിൽ നേടിയ സെഞ്ച്വറികളെ കുറിച്ചും മഞ്ജരേക്കർ പറഞ്ഞു. രോഹിത്തുമായി താരതമ്യപ്പെടുത്തുമ്പോൾ വിരാട് മറ്റൊരു തലത്തിലാണെന്നും റെഡ് ബോൾ ക്രിക്കറ്റിൽ ഇരുവരെയും ഒരുമിച്ച് പറയുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
‘ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള സേന രാഷ്ട്രങ്ങളിൽ വിരാടിന് 12 സെഞ്ച്വറികളുണ്ട്. അതേസമയം, രോഹിത്തിന് ഒന്ന് മാത്രമാണുള്ളത്. അവൻ 100 ഓളം ഇന്നിങ്‌സുകൾ കളിച്ച് ഓവലിൽ മാത്രമാണ് സെഞ്ച്വറി നേടിയത്. തുടർന്ന് കളിച്ചിരുന്നെങ്കിൽ രോഹിത്തിന്റെ ആവറേജ് 30ന് താഴെയാകുമായിരുന്നു. ഇത് എന്റെ ഒരു ഊഹം മാത്രമാണ്.
നമ്മൾ ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചാണ് സംസാരിക്കുന്നത്. രോഹിത്തുമായി താരതമ്യപ്പെടുത്തുമ്പോൾ വിരാട് മറ്റൊരു തലത്തിലാണ്. റെഡ് ബോൾ ക്രിക്കറ്റിൽ ഇരുവരെയും ഒരുമിച്ച് പറയുന്നത് നിർത്തണം,’ മഞ്ജരേക്കർ പറഞ്ഞു.
Content Highlight: Sanjay Manjrekar talks about Rohit Sharma and Virat Kohli