| Friday, 12th June 2026, 2:28 pm

അവന്‍ വെറുമൊരു ടി-20 സ്ലോഗറാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, തെറ്റി: സഞ്ജയ് മഞ്ജരേക്കര്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സഞ്ജയ് മഞ്ജരേക്കര്‍. വൈഭവിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നത് താന്‍ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 50 ഓവര്‍ ഫോര്‍മാറ്റില്‍ വൈഭവ് ഒരു പ്രതിഭാസമാകുമെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യ എ ശ്രീലങ്കയില്‍ ഒരു ത്രിരാഷ്ട്ര പരമ്പര കളിക്കുന്നുണ്ട്. പരമ്പരയില്‍ വൈഭവ് സൂര്യവംശിയെ ഞാന്‍ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതുവരെ അവന്‍ എന്ത് ചെയ്തു എന്നത് വിലയിരുത്താന്‍ ഇത് ശരിയായ അന്തരീക്ഷമല്ല. ഇതൊരു ‘എ’ പരമ്പര മാത്രമാണെന്ന് എനിക്കറിയാം, മാത്രമല്ല ഐ.പി.എല്ലിലെ പോലെ ഇവിടെ പിച്ചുകള്‍ പരന്നതല്ല. പക്ഷേ സൂര്യവംശി മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടു.

വൈഭവ് സൂര്യവംശി

അവന്‍ ബാറ്റ് ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് അല്‍പ്പം ആവേശമുണ്ട്. അവന്‍ വെറുമൊരു ടി-20 സ്ലോഗര്‍ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, നിങ്ങള്‍ തെറ്റി. അവന്‍ ബാറ്റിങ്ങില്‍ ശരിയായ രീതിയിലാണ് പ്രതിരോധിക്കുന്നത്. അവന്‍ തുടക്കക്കാരനാണെന്ന് അറിയാം, പക്ഷേ 50 ഓവറില്‍ വൈഭവ് ഒരു പ്രതിഭാസമാകും,’ സഞ്ജയ് മഞ്ജരേക്കര്‍ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പറഞ്ഞു.

നിലവില്‍ ഇന്ത്യ എയും ശ്രീലങ്ക എയും അഫ്ഗാനിസ്ഥാന്‍ എയും തമ്മിലുള്ള ത്രിരാഷ്ട്ര പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ വൈഭവിന് സാധിച്ചിരുന്നു. ശ്രീലങ്കയോടുള്ള ആദ്യ പരമ്പരയില്‍ നിരാശപ്പെടുത്തിയ വൈഭവ് രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 22 പന്തില്‍ 44 റണ്‍സ് നേടിയാണ് മടങ്ങിയത്.

2026ലെ ഐ.പി.എല്‍ സീസണില്‍ വമ്പന്‍ ബാറ്റിങ് പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചത്. സീസണില്‍ വൈഭവ് സൂര്യവംശിയാണ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സാണ് 15 വയസുകാരന്‍ അടിച്ചെടുത്തത്. ഓറഞ്ച് ക്യാപ്പിന് പിന്നാലെ 2026ലെ പല റെക്കോഡുകളും തിരുത്തി വൈഭവ് അമ്പരപ്പിച്ചിരുന്നു.

വൈഭവ് സൂര്യവംശി- Photo: johns/x.com

മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്‌സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കിയിരുന്നു. 2025ല്‍ രാജസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 23 മത്സരത്തില്‍ നിന്ന് 1028 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

ഇതിനെല്ലാം പുറമെ അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് ടി-20 പരമ്പരയ്ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീമിലും യുവ താരം ഇടം നേടിയിട്ടുണ്ട്. ഇതോടെ ഇന്ത്യന്‍ സ്‌ക്വാഡില്‍ തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കിയിരുന്നു.

Content Highlight: Sanjay Manjrekar Talking About Vaibhav Sooryavanshi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more