| Tuesday, 26th August 2025, 10:59 pm

ഐ.പി.എല്ലില്‍ 50ന് മുകളില്‍ ശരാശരിയും 170ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും, എന്നിട്ടും ഒഴിവാക്കി; വിമര്‍ശനവുമായി സഞ്ജരേക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2025ലെ ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് തിരശീല ഉയരുന്നത്.

എന്നാല്‍ സ്‌ക്വാഡ് പ്രഖ്യാപിച്ച മുതല്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുകയാണ്. ടി-20 ഫോര്‍മാറ്റില്‍ മികവ് പുലര്‍ത്തുന്നവരെ തെരഞ്ഞെടുക്കുന്നതിന് പകരം മറ്റ് ഫോര്‍മാറ്റുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ പരിഗണിക്കുന്ന സെലക്ടര്‍മാരുടെ പ്രവണതയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് മഞ്ജരേക്കര്‍ ഈ കാര്യ പറഞ്ഞത്. മികച്ച ഫോമില്‍ തുടരുന്ന പഞ്ചാബ് താരം ശ്രേയസ് അയ്യരെ ഒഴിവാക്കിയതിലും മഞ്ജരേക്കര്‍ അതൃപ്തി അറിയിച്ചു.

‘ഒരു ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ മറ്റൊരു ഫോര്‍മാറ്റിലേക്ക് തെരഞ്ഞെടുക്കുന്നത് ക്രിക്കറ്റ് യുക്തിക്ക് നിരക്കുന്നില്ല. ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടി20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് അര്‍ത്ഥശൂന്യമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ പ്രതിബദ്ധത കുറവാണെന്ന് കരുതി ശ്രേയസിനെ മുമ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

എന്നാല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ശ്രേയസ് തിരിച്ചുവന്നപ്പോള്‍ അവന്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്തു. ഐ.പി.എല്ലില്‍ 50ന് മുകളില്‍ ശരാശരിയും 170ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും നേടി ടീമിനെ വിജയങ്ങളില്‍ എത്തിച്ചു. ടി-20യില്‍ ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ച ഒരു താരത്തെ ഒഴിവാക്കുന്നത് തീര്‍ത്തും നിരാശാജനകമാണ്,’ മഞ്ജരേക്കര്‍ പറഞ്ഞു.

2025 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായിരുന്ന ശ്രേയസ് മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവെച്ചത്. 2014ന് ശേഷം ആദ്യമായി പഞ്ചാബിനെ ഫൈനലില്‍ എത്തിച്ച ക്യാപ്റ്റന്‍ കൂടിയാണ് അയ്യര്‍.

മാത്രമല്ല സീസണില്‍ 17 ഇന്നിങ്‌സില്‍ നിന്ന് 175.5 എന്ന സ്ട്രൈക്ക് റേറ്റില്‍ 604 റണ്‍സാണ് താരം അടിച്ചെടുത്തത്. 2023 ഓസ്‌ട്രേലിയക്ക് എതിരായിരുന്നു അയ്യരുടെ അവസാന ടി20. 51 മത്സരങ്ങളില്‍ നിന്ന് 136.12 എന്ന സ്‌െ്രെടക്ക് റേറ്റില്‍ 1104 റണ്‍സാണ് താരം നേടിയത്.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: Sanjay Manjrekar Talking About Shreyas Iyer

We use cookies to give you the best possible experience. Learn more