| Monday, 30th June 2025, 3:41 pm

ഫോം നിലനിര്‍ത്തുകയല്ലാതെ അവന് മറ്റ് മാര്‍ഗങ്ങളെന്നുമില്ല; സൂപ്പര്‍ താരത്തെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി. ജൂലൈ രണ്ടിന് ബുധനാഴ്ച എഡ്ജ്ബാസ്റ്റണിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്. ഇതോടെ ഇരു ടീമുകളും വലിയ തയ്യാറെടുപ്പിലാണ്.

ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ടെസ്റ്റില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷബ് പന്തായിരുന്നു. രണ്ടാം ടെസ്റ്റിലും താരം തിളങ്ങുമെന്നാണ് ഏവരും വിശ്വസിച്ചത്. ആദ്യ ഇന്നിങ്സില്‍ 134 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 118 റണ്‍സുമാണ് പന്ത് അടിച്ചെടുത്തത്. മാത്രമല്ല രണ്ടാം ഇന്നിങ്‌സില്‍ 137 റണ്‍സ് നേടി മിന്നും പ്രകടനമാണ് കെ.എല്‍. രാഹുലും കാഴ്ചവെച്ചത്.

ഇപ്പോള്‍ ഇരുവരേയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ടെസ്റ്റ് മത്സരങ്ങള്‍ ആസ്വദിക്കുന്ന താരമാണ് റിഷബ് പന്തെന്നും അതിനാല്‍ ഇനിയും താരം റണ്‍സ് വേട്ട തുടരുമെന്ന് സഞ്ജയ് പറഞ്ഞു. മാത്രമല്ല പരമ്പരയിലുടനീളം കെ.എല്‍. രാഹുലിന് തന്റെ ഫോം നിലനിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹത്തെ വളരെയധികം ആവശ്യമുണ്ടെന്നും കമന്റേറ്റര്‍ കൂട്ടിച്ചേര്‍ത്തു.

‘ടെസ്റ്റ് മത്സരങ്ങള്‍ ആസ്വദിക്കുന്ന താരമാണ് റിഷബ് പന്ത്. അതിനാല്‍ അവന്‍ ഇനിയും റണ്‍സ് വേട്ട തുടരും. പന്ത് തന്റെ ഫോം നിലനിര്‍ത്തും എന്നതില്‍ വലിയ വിശ്വാസമുണ്ട്. പക്ഷേ ടീമില്‍ മറ്റൊരു പ്രധാന സീനിയര്‍ ബാറ്ററുമുണ്ട്. പരമ്പരയിലുടനീളം കെ.എല്‍. രാഹുലിന് തന്റെ ഫോം നിലനിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹത്തെ വളരെയധികം ആവശ്യമുണ്ട്,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

മാത്രമല്ല ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയില്ലാതെ കളത്തിലിറങ്ങുന്ന ഇന്ത്യയ്ക്ക് രണ്ടാം മത്സരം നിര്‍ണായകമാണ്. ഇതോടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും കാര്യങ്ങള്‍ എളുപ്പമാകില്ല. വിരാട് കോഹ്‌ലിയുടേയും രോഹിത് ശര്‍മയുടേയും വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റില്‍ മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ വലിയ പ്രതീക്ഷയിലാണ് ഇന്ത്യ.

Content Highlight: Sanjay Manjrekar Talking About Rishabh Pant And Rahul

We use cookies to give you the best possible experience. Learn more