ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം വഡോധരയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ മത്സരത്തില്‍ 44 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് കിവീസ് നേടിയത്.
കിവീസിന്റെ ഓപ്പണര്‍മാരെ പുറത്താക്കി ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് പേസര്‍ ഹര്‍ഷിത് റാണ നല്‍കിയത്. മികച്ച 56 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയയും 62 റണ്‍സ് നേടിയ ഹെന്റിക് നിക്കോളാസിനെയുമാണ് റാണ പുറത്താക്കിയത്.
എന്നിരുന്നാലും ഇന്ത്യയ്ക്ക് മികച്ച ഒരു ബൗളറെയാണ് ലഭിച്ചതെന്ന് റാണയുടെ വരവിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്. മത്സരത്തിലെ എല്ലാ ഘട്ടങ്ങളിലും റാണയ്ക്ക് പന്തെറിയാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല റാണയെ ഉള്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ ബൗളിങ് നിര പൂര്‍ണമാണെന്ന് തോന്നുന്നുവെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
‘ബൗളിങ്ങില്‍ ഇന്ത്യന്‍ ടീമിന്റെ മികച്ച കണ്ടെത്തലുകളില്‍ ഒരാളാണ് ഹര്‍ഷിത് റാണ. മത്സരത്തിലെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹത്തിന് പന്തെറിയാന്‍ കഴിയും. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പരിചയസമ്പന്നരായ ബാറ്റര്‍മാരെ ന്യൂ ബോള്‍ കൊണ്ട് അദ്ദേഹം കൈകാര്യം ചെയ്തത് നാം കണ്ടതാണ്. മധ്യ ഓവറുകളില്‍ ഇന്ത്യന്‍ സീമര്‍മാര്‍ക്ക് വിക്കറ്റ് നേടാനുള്ള കഴിവ് കുറവായിരുന്നു. അതിനാല്‍, അവനെ ഉള്‍പ്പെടുത്തിയതോടെ, ഇന്ത്യന്‍ ബൗളിങ് നിര പൂര്‍ണമാണെന്ന് തോന്നുന്നു,’ മഞ്ജരേക്കര്‍ പറഞ്ഞു.
അതേസമയം കിവീസിന് വേണ്ടി നിലവില്‍ ക്രീസില്‍ തുടരുന്നത് 57 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ്. ക്രിസ് ക്ലര്‍ക്ക് ഒരു റണ്‍സും നേടിയിട്ടുണ്ട്. നിലവില്‍ റാണയ്ക്ക് പുറമെ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Sanjay Manjrekar Talking About Harshit Rana