| Wednesday, 11th March 2026, 9:28 am

സഞ്ജു സാംസണിന്റെ കാര്യത്തില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്; തുറന്നടിച്ച് മഞ്ജരേക്കര്‍

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റിലെ താരം ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണായിരുന്നു. ഇപ്പോള്‍ സഞ്ജു നേരിട്ട അവഗണനകളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായി സഞ്ജയ് മഞ്ജരേക്കര്‍.

സഞ്ജു സാംസണിന്റെ കാര്യത്തില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ടെസ്റ്റില്‍ നിന്ന് ഗില്ലിനെ ടി-20യിലേക്ക് വിളിച്ചപ്പോള്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ സഞ്ജുവിന്റെ സ്ഥാനം നഷ്ടപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശേഷം ഏഷ്യാ കപ്പില്‍ മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങിയ സഞ്ജു സാംസണിന് തന്റെ ബാറ്റിങ്ങിന്റെ താളം തെറ്റിയെന്നും ഒടുവില്‍ പ്ലെയിങ് ഇലവനില്‍ നിന്ന് തന്നെ പുറത്താകേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഞ്ജു സാംസണ്‍

‘സഞ്ജു സാംസണിന്റെ കാര്യത്തില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. സഞ്ജു സാംസണ്‍ സൗത്ത് ആഫ്രിക്ക പോലുള്ള ടീമുകള്‍ക്കെതിരെ അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് മൂന്ന് ടി-20 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടുകയും ചെയ്ത താരമാണ്.

ഇംഗ്ലണ്ടില്‍ ശുഭ്മന്‍ ഗില്ലിന് മികച്ച ടെസ്റ്റ് പരമ്പര ലഭിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മന്‍ ഗില്ലിനെ ഇന്ത്യന്‍ ടി-20 ടീമിലേക്ക് തിരിച്ചുവിളിച്ചതിന്റെ യുക്തിയെ അത് വളച്ചൊടിച്ചത് ഏറ്റവും മോശം പ്രവര്‍ത്തിയായിരുന്നു, ശുഭ്മന്‍ ഗില്ലിന് പകരം ഓര്‍ഡറില്‍ ഒന്നാം സ്ഥാനത്തായിരുന്ന സഞ്ജു സാംസണെ റാങ്കില്‍ നിന്ന് താഴേക്ക് തള്ളി.

ഏഷ്യാ കപ്പില്‍ സഞ്ജു സാംസണിന്റെ താളം തെറ്റി. അദ്ദേഹത്തിന്റെ ബാറ്റിങ് ഓര്‍ഡര്‍ മാറി. മികച്ച ഒരു ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ഒടുവില്‍ പ്ലെയിങ് ഇലവനില്‍ നിന്ന് പോലും അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടു.

സഞ്ജു സാംസണ്‍

ഇപ്പോഴാണ് വിധി വരുന്നത്. നമീബിയക്കെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മയുടെ അഭാവം സഞ്ജു സാംസണെ തിരിച്ചുകൊണ്ടുവന്നു, തിലക് വര്‍മ മൂന്നാം സ്ഥാനം മാറി, ഇഷാന്‍ കിഷന്‍ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്തു. കിഷന് മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ കഴിയുമായിരുന്നു, സഞ്ജുവിന് സ്ഥാനം ലഭിച്ചതിന് ശേഷം കണ്ടത് ചരിത്രമാണ്,’ മഞ്ജരേക്കര്‍ പറഞ്ഞു.

അതേസമയം ടി-20 ലോകകപ്പ് ഫൈനലില്‍  ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.

സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.

ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.

Content Highlight: Sanjay Manjrekar Talking About Sanju samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more