| Tuesday, 12th May 2026, 2:37 pm

അവന്‍ ഇന്ത്യയുടെ ക്യാപ്റ്റനാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: സഞ്ജയ് മഞ്ജരേക്കര്‍

Sudev A

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് മഞ്ജരേക്കര്‍ ആവശ്യപ്പെട്ടത്.

ജസ്പ്രീത് ബുംറയെ പുതിയ ക്യാപ്റ്റനായി നിയമിക്കണമെന്നും ബുംറ ഇന്ത്യയുടെ ക്യാപ്റ്റനാവുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു മഞ്ജരേക്കര്‍.

‘ഹര്‍ദിക്കിനെ മാറ്റി ബുംറയെ ക്യാപ്റ്റനാക്കണം. ബുംറ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് കാണാനും ഞാന്‍ ആഗ്രഹിക്കുന്നു. ബുംറയെ പോലെ മത്സരങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന മറ്റൊരു താരമില്ല. ബാറ്റര്‍മാരുടെ നീക്കം മനസിലാക്കാനും പിച്ചിനെ മനസിലാക്കി മികച്ച രീതിയില്‍ പന്തെറിയാനും അവന് അസാമാന്യ കഴിവുണ്ട്. അവന് ഐ.പി.എല്ലിലെങ്കിലും നായകനാവാനുള്ള അവസരം ഉണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

ജസ്പ്രീത് ബുംറ. Photo: R A T N I S H/x.com

ഈ സീസണിൽ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് മുംബൈക്ക് വിജയിക്കാന്‍ സാധിച്ചത്. പരിക്കേറ്റതിന് പിന്നാലെ ഹര്‍ദിക് കഴിഞ്ഞ മത്സരങ്ങളിലൊന്നും മുംബൈക്കായി കളിച്ചിരുന്നില്ല.

ഹര്‍ദിക്കിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവായിരുന്നു മുംബൈയെ നയിച്ചിരുന്നത്. ക്യാപ്റ്റന്‍ മാറിയിട്ടും മുംബൈക്ക് തോല്‍വികള്‍ തന്നെയായിരുന്നു ഫലം.

മുംബൈ ഇന്ത്യൻസ്. Photo: Crickettimes

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തില്‍ രണ്ട് വിക്കറ്റിന് പരാജയപ്പെട്ട മുംബൈ ഔദ്യോഗികമായി ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. റായ്പൂരില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു രണ്ട് വിക്കറ്റ് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.

മുംബൈ നിരയില്‍ തിളങ്ങിയത് തിലക് വര്‍മയായായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയാണ് തിലക് ടീമിന്റെ ടോപ് സ്‌കോററായത്. 42 പന്തില്‍ 57 റണ്‍സാണ് തിലക് നേടിയത്. മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. നമന്‍ ധിര്‍ 32 പന്തില്‍ അഞ്ച് ഫോറുകളും രണ്ട് സിക്‌സുകളും അടക്കം 47 റണ്‍സും നേടിയും നിര്‍ണായകമായി.

അതേസമയം മെയ് 14ന് പഞ്ചാബ് കിങ്സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. പഞ്ചാബിന്റെ സെക്കന്റ് ഹോം ഗ്രൗണ്ടായ ധര്‍മ്മശാലയാണ് വേദി.

Content Highlight: Sanjay Manjrekar talk about Jasprit Bumrah

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more