| Friday, 16th October 2026, 2:40 pm

അങ്ങനെ ചെയ്താല്‍ ടി-20യില്‍ സ്ഥിരമായി 300 റണ്‍സ് നേടാം; തുറന്നടിച്ച് മഞ്ജരേക്കര്‍

ആദർശ് എം.കെ.

ടി-20 മത്സരങ്ങള്‍ ബാറ്റര്‍മാരുടേത് മാത്രമായി മാറുന്ന പ്രവണതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ബൗളര്‍മാര്‍ക്ക് ഒരു ആനുകൂല്യങ്ങളും നല്‍കാതെ തുടര്‍ച്ചയായി ബാറ്റര്‍മാരെ മാത്രം തുണയ്ക്കുന്ന പിച്ചുകളൊരുക്കുന്നതിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്.

ബൗളര്‍മാരെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കൂടുതല്‍ നിയമങ്ങളുണ്ടാക്കുകയും ബൗണ്ടറികളുടെ വലിപ്പം കുറയ്ക്കുകയും ചെയ്താല്‍ സ്ഥിരമായി 300 റണ്‍സ് നേടാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

സഞ്ജയ് മഞ്ജരേക്കര്‍

എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം പ്രതികരണമറിയിച്ചത്.

‘ടി-20യില്‍ സ്ഥിരമായി 300 റണ്‍സ് നേടാന്‍ പാകത്തിന് കൂടുതല്‍ ഫ്‌ളാറ്റ് പിച്ചുകള്‍ ഒരുക്കാനും ബൗണ്ടറികള്‍ ചെറുതാക്കാനും ബൗളര്‍മാര്‍ക്കെതിരെ കൂടുതല്‍ നിയമങ്ങള്‍ കൗണ്ടുവരാനും സാധിക്കുമെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയുടെ പശ്ചാതലത്തിലാണ് താരത്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ സഞ്ജു സാംസണിന്റെ കരുത്തില്‍ 249 റണ്‍സ് നേടിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഒമ്പത് പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. നായകന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് വിന്‍ഡീസ് വിജയലക്ഷ്യം മറികടന്നത്.

മൂന്നാം മത്സരത്തില്‍ ഇന്ത്യ 223 റണ്‍സും വിന്‍ഡീസ് 209 റണ്‍സും സ്വന്തമാക്കിയിരുന്നു.

ഹൈദരാബാദില്‍ നടന്ന നാലാം മത്സരത്തില്‍ വിന്‍ഡീസ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 247 റണ്‍സാണ്. ഷായ് ഹോപ്പിന്റെ സെഞ്ച്വറിയാണ് ഇത്തവണയും വിന്‍ഡീസിന് തുണയായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 223ന് പുറത്തായി.

ബൗളര്‍മാര്‍ക്കും ഒട്ടും അഡ്വാന്റേജ് നല്‍കാത്ത ബാറ്റിങ് ട്രാക്കുകള്‍ ഒരുക്കുന്നതില്‍ ആരാധകരും വിമര്‍ശനമുന്നയിക്കുന്നുണ്ട്.

അതേസമയം, പരമ്പരയിലെ അവസാന മത്സരം ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബാറ്റര്‍മാരുടെ പറുദീസയായ ഈ വേദിയില്‍ ഇരു ടീമിന്റെ ബൗളര്‍മാര്‍ക്കും അടിവാങ്ങിക്കൂട്ടേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.

Content Highlight: Sanjay Manjrekar speaks out against preparing pitches that exclusively favor batters.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more