| Saturday, 16th August 2025, 4:40 pm

ഇന്ത്യയല്ല, ബുംറയാണ് അഡ്ജസ്റ്റ് ചെയ്യേണ്ടത്: സഞ്ജയ് മഞ്ജരേക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരം ജസ്പ്രീത് ബുംറയ്ക്ക് എല്ലാ മത്സരങ്ങളിലും കളിക്കാന്‍ കഴിയാത്തതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ബുംറയ്ക്കായി ഇന്ത്യന്‍ ടീമല്ല അഡ്ജസ്റ്റ് ചെയ്യേണ്ടതെന്നും മറിച്ച് താരം ടീമിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പൊരുത്തപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിലെ തന്റെ കോളത്തിലാണ് മഞ്ജരേക്കര്‍ തന്റെ അഭിപ്രായം പറഞ്ഞത്.

‘ഞാന്‍ ബുംറയുടെ ഒരു ആരാധകനാണ്. ടെസ്റ്റില്‍ ദീര്‍ഘകാല കരിയര്‍ ലഭിക്കണമെങ്കില്‍ അവന് സ്ഥിരതയോടെ കളിക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്താനും കഴിയണം. 100% ഫിറ്റ് അല്ലാത്തപ്പോഴും ടീമിനായി മികച്ച പ്രകടനം നല്‍കാന്‍ കഴിയുന്നതാണ് ഒരു മികച്ച കായിക താരത്തിന്റെ യഥാര്‍ത്ഥ ടെസ്റ്റ്. കളിക്കണമെങ്കില്‍ അവന്‍ ടീമിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യട്ടെ,’ മഞ്ജരേക്കര്‍ പറഞ്ഞു.

അടുത്തിടെ സമാപിച്ച ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ ബുംറ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിരുന്നത്. ഒന്നാം ടെസ്റ്റിലും മൂന്നും നാലും ടെസ്റ്റിലുമായിരുന്നു പേസര്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്. വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായായിരുന്നു താരം ഇംഗ്ലണ്ടിനെതിരെ എല്ലാ മത്സരങ്ങളിലും ഇറങ്ങാതിരുന്നത്.

ഇതിനെതിരെ പല താരങ്ങളും വിമര്‍ശനം ഉന്നയിച്ചിരുന്നു. എല്ലാ മത്സരങ്ങളിലും കളിച്ച് അവസാന മത്സരത്തില്‍ ടീമിന്റെ വിജയ ശില്പിയായ മുഹമ്മദ് സിറാജിന്റെ പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍.

ഇതിന് പിന്നാലെയാണിപ്പോള്‍ മഞ്ജരേക്കറും ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. ഒരു താരം മുഴുവനായും ഫിറ്റ് അല്ലെങ്കില്‍ എത്ര കഴിവുണ്ടെങ്കിലും ടീമിന്റെ ഫസ്റ്റ് ചോയ്സ് ആ താരമായിരിക്കരുതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

‘ഏറ്റവും മികച്ച കളിക്കാര്‍ പോലും പകരം വെക്കാനാവാത്തവരല്ല. തുടര്‍ച്ചയായി ഒന്നോ രണ്ടോ മത്സരങ്ങളില്‍ കൂടുതല്‍ കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അവന്‍ ടീമിലെ പ്രധാന കളിക്കാരനാകരുത്. മികച്ച ഫിറ്റ്‌നസും കളിക്കാന്‍ തയ്യാറുള്ള താരങ്ങളെയാണ് എപ്പോഴും ടീമില്‍ ഉള്‍പ്പെടുത്തേണ്ടത്,’ മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Sanjay Manjrekar says that Jasprit Bumrah should adjust, not Indian Cricket Team

We use cookies to give you the best possible experience. Learn more