| Tuesday, 26th August 2025, 4:18 pm

അവൻ ഇംഗ്ലണ്ടിനെതിരെ കളിച്ചിരുന്നുവെങ്കിൽ ട്രിപ്പിൾ സെഞ്ച്വറി അടിക്കുമായിരുന്നു: സഞ്ജയ് മഞ്ജരേക്കർ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ചേതേശ്വർ പൂജാര ഉണ്ടായിരുന്നെങ്കിൽ ട്രിപ്പിൾ സെഞ്ച്വറി നേടുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. താരത്തിന്റെ കരിയർ ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ സംസാരിക്കുകയായിരുന്നു മഞ്ജരേക്കർ.

‘ഈ സമയത്തും പൂജാര ഇംഗ്ലണ്ടിനെതിരെ കളിച്ചിരുന്നെങ്കിൽ 300 റൺസ് സ്കോർ ചെയ്യുമായിരുന്നു. അവരുടെ ബൗളിങ് യൂണിറ്റും പരമ്പരയിൽ ഉപയോഗിച്ച പിച്ചുകളും താരത്തിന് അത് എളുപ്പമാക്കുമായിരുന്നു.

അവൻ പലപ്പോഴും ടീമിൽ നിന്ന് പുറത്തായിരുന്നു. ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് ഒരു തിരിച്ച് വരവ് നടത്തിയത്. അതിൽ ഓപ്പണറായി എത്തി എന്താണ് ചെയ്തത്? ഇന്നിങ്സിന്റെ അവസാനം വരെ ബാറ്റ് ചെയ്തു. അതാണ് പൂജാര. അവൻ അവിശ്വസനീയമാണ്,’ മഞ്ജരേക്കർ പറഞ്ഞു.

പൂജാര ഇന്ത്യൻ ടീമിൽ നിന്ന് പലപ്പോഴും പുറത്തായിരുന്നു. അപ്പോഴെക്കെ താരം ടീമിലേക്ക് തിരിച്ച് വരവ് നടത്തി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അങ്ങനെയൊന്നാണ് 2015ൽ ശ്രീലങ്ക എതിരെ നടത്തിയത്. ആ മത്സരത്തിൽ ഓപ്പണറായി എത്തിയ താരം ഒന്നാം ഇന്നിങ്സിൽ 289 പന്തിൽ പുറത്താവാതെ 145 റൺസെടുത്തിരുന്നു.

‘പൂജാരയുടെ കരിയർ എളുപ്പമായിരുന്നില്ല. ഒരു ഡിഫൻസീവ് താരമെന്ന നിലയിൽ അവന്റെ കളിക്കളത്തിലെ ജീവിതം കഠിനമായിരുന്നു. എങ്കിലും അവന്റെ മുഖത്ത് എപ്പോഴും ഒരു ചിരി ഉണ്ടാകുമായിരുന്നു,’ മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളായ ചേതേശ്വർ പൂജാര കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചത്. ഏറെ കാലം താരം റെഡ് ബോൾ ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ഇന്ത്യയുടെ നെടും തൂണായിരുന്നു. പലപ്പോഴും എതിർ ടീമുകളെ പ്രതിരോധത്തിലാക്കി സൗരാഷ്ട്ര താരം ക്രീസിൽ ഉറച്ച് നിന്ന് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് മുൻ‌തൂക്കം നൽകി.

പൂജാര ഇന്ത്യയ്ക്കായി ഈ ഫോർമാറ്റിൽ 103 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ഇതിൽ താരം 7,195 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ടെസ്റ്റിൽ 43.60 എന്ന മികച്ച ശരാശരിയിലായിരുന്നു താരം ബാറ്റ് ചെയ്‌തത്‌. കൂടാതെ, താരത്തിന് ക്രിക്കറ്റിന്റെ ഏറ്റവും വലിയ ഫോർമാറ്റിൽ 19 സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളുമുണ്ട്.

Content Highlight: Sanjay Manjrekar says that Cheteshwar Puraja would have scored 300 runs if he played in England series

We use cookies to give you the best possible experience. Learn more