| Friday, 28th August 2026, 12:58 pm

അദ്ദേഹം ന്യൂസിലാന്‍ഡില്‍ എങ്ങനെ കളിക്കുമെന്ന് കാണാം; സൂപ്പര്‍ താരത്തെ പ്രശംസിച്ച് സഞ്ജയ് മഞ്ജരേക്കര്‍

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കയ്‌ക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനെ പ്രശംസിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ദേവ്ദത്ത് പടിക്കലും റിഷബ് പന്തും അടങ്ങുന്ന ഇന്ത്യയുടെ മികച്ച ബാറ്റിങ് നിരയില്‍ ധ്രുവ് ജുറേലും സ്ഥാനം നേടിയെന്ന് മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. ലഭിക്കുന്ന തുടക്കങ്ങളെല്ലാം വലിയ സ്‌കോറിലെത്തിക്കാന്‍ സാധിക്കുന്ന താരമാണ് ജുറേലെന്ന് അദ്ദേഹം പറഞ്ഞു.

‘ദേവ്ദത്ത് പടിക്കല്‍ എന്ന താരത്തിലൂടെ ഇന്ത്യക്ക് വളരെ മികച്ചൊരു മൂന്നാം നമ്പര്‍ ബാറ്ററെ ലഭിച്ചു. അതുപോലെ, റിഷബ് പന്തിനെയും മറ്റ് ആക്രമണാത്മക താരങ്ങളെയും ഉള്‍ക്കൊള്ളുന്ന ടീമില്‍ ധ്രുവ് ജുറേല്‍ സ്ഥിരത നല്‍കുന്ന സാന്നിധ്യമാണെന്ന് തെളിയിച്ചു.

വളരെ ഓര്‍ത്തഡോക്‌സും പഴയകാല ശൈലിയോട് ചേര്‍ന്നതുമായ ബാറ്ററാണ് ജുറേല്‍. ലഭിക്കുന്ന തുടക്കങ്ങളെ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിയുന്നു. 40കളിലും 50കളിലും എത്തുമ്പോള്‍ അവിടെ നിന്ന് വലിയ സെഞ്ച്വറികളിലേക്ക് മുന്നേറുന്ന താരമാണ് അദ്ദേഹം.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ അദ്ദേഹം എങ്ങനെ പ്രകടനം നടത്തുമെന്ന് നമുക്ക് നോക്കാം. അദ്ദേഹം അതേ ബാറ്റിങ് പൊസിഷനില്‍ തന്നെ തുടരുമോ, അതോ മറ്റേതെങ്കിലും സ്ഥാനത്താണോ ബാറ്റ് ചെയ്യുക എന്നതും കാണേണ്ടതുണ്ട്,’ സഞ്ജയ് മഞ്ജരേക്കര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. മത്സരത്തില്‍ ഏഴാം നമ്പറില്‍ ഇറങ്ങിയ ധ്രുവ് ജുറേല്‍ 177 പന്തില്‍ രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ പുറത്താകാതെ 115 റണ്‍സാണ് നേടിയത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ വലിയ സ്‌കോറില്‍ എത്തിച്ച ഇന്നിങ്‌സായിരുന്നു ജുറേലിന്റേത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ശ്രീലങ്ക 290ന് ഓള്‍ ഔട്ട് ആകുകയും ഫോളോ ഓണിന് നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സ് നേടി മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. സെഞ്ച്വറി നേടിയ സോനല്‍ ദിനുഷയാണ് ലങ്കയെ തോല്‍വിയില്‍ നിന്ന് കരകയറ്റിയത്.

അതേസമയം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെത്താന്‍ ഇനി മുന്നിലുള്ള എല്ലാ മത്സരങ്ങളും ഇന്ത്യയ്ക്ക് നിര്‍മായകമാണ്. ന്യൂസിലാന്‍ഡിനെതിരെ നവംബര്‍ 19നാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് നവംബര്‍ 27നും ആരംഭിക്കും. ന്യൂസിലാന്‍ഡിനെതിരായ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയന്‍ പര്യടനമാണ് ഉള്ളത്.

Content Highlight: Sanjay Manjrekar Praises Indian Wicket Keeper Batter Dhruv Jurel

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more