റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. കോഹ്ലി ടി – 20 ക്രിക്കറ്റിലെ മാസ്റ്ററാണെന്നും ടൂര്‍ണമെന്റിലുടനീളം താരം മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പവര്‍പ്ലേയില്‍ ആധിപത്യം പുലര്‍ത്തി എതിരാളികളെ കീഴടക്കാന്‍ കോഹ്‌ലിക്ക് സാധിച്ചുവെന്നും സാങ്കേതിക മികവിലൂടെയും പിഴവുകൾ വരുത്താതെയുമാണ് താരം റണ്‍സ് കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ സംസാരിക്കുകയായിരുന്നു മഞ്ജരേക്കര്‍.
സഞ്ജയ് മഞ്ജരേക്കര്‍.
‘വിരാട് കോഹ്‌ലി ടി – 20 ക്രിക്കറ്റിലെ മാസ്റ്ററാണ്. ടൂര്‍ണമെന്റിലുടനീളം അവന്‍ മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തത്. 150 -160 സ്‌ട്രൈക്ക് റേറ്റാണ് ആവശ്യമെന്ന് അവന് അറിയാമായിരുന്നു. പവര്‍പ്ലേയില്‍ ആധിപത്യം പുലര്‍ത്തി തന്റെ പവര്‍ ഗെയിം കൊണ്ട് അവന്‍ എതിരാളികളെ കീഴടക്കി. എല്ലാവരും 200 – 230 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുമ്പോള്‍ അവന്‍ മൂന്നാം ഗിയറിലും നാലാം ഗിയറിലുമായിരുന്നു.
പല താരങ്ങളും വലിയ സ്‌കോര്‍ കണ്ടെത്താന്‍ ശ്രമിച്ച് പുറത്താവുമ്പോള്‍ കോഹ്‌ലിയുടെ കാര്യത്തില്‍ അങ്ങനെ സംഭവിക്കില്ല. അവന്‍ സാങ്കേതിക മികവിലൂടെ പിഴവുകള്‍ വരുത്താതെയാണ് റണ്‍സ് കണ്ടെത്തുന്നത്. അവന്റെ ബോട്ടം ഹാന്‍ഡ് ഷോട്ടുകള്‍ ശരിക്കും ഫലപ്രദമായിരുന്നു,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com
ഐ.പി.എല്ലില്‍ ആര്‍.സി.ബി കിരീടം നിലനിര്‍ത്തുന്നതില്‍ കോഹ്‌ലി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഫൈനലില്‍ താരത്തിന്റെ അര്‍ധ സെഞ്ച്വറിയാണ് ടീമിന് വിജയമൊരുക്കിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 42 പന്തുകള്‍ നേരിട്ട താരം 75 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
സീസണിലുടനീളം വിരാട് മികവാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 16 മത്സരങ്ങളില്‍ കളിച്ച താരം 675 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറികളുമാണ് മുന്‍ ആര്‍.സി.ബി നായകന്‍ ഈ സീസണില്‍ അടിച്ചുകൂട്ടിയത്.
Content Highlight: Sanjay Manjrekar lauds Virat Kohli’ performance in IPL 2026