ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ ആരെത്തുമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ച. മെയ് ഒമ്പതിന് ഈ ഫോര്‍മാറ്റില്‍ നിന്ന് നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ടെസ്റ്റ് ക്യാപ്റ്റനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.
ഇന്ത്യന്‍ ക്യാപ്റ്റനായി കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത് യുവ താരം ശുഭ്മന്‍ ഗില്ലിനാണ്. കഴിഞ്ഞ ദിവസങ്ങളില്‍ താരം നായകനായേക്കും എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ക്യാപ്റ്റനായി ചര്‍ച്ച ചെയ്യപ്പെട്ട പേരിലുകളില്‍ ഒന്നാണ്.
എന്നാല്‍ അടുത്ത മാസം അവസാനം തുടങ്ങുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ഗില്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബുംറയുടെ പരിക്കില്‍ ആശങ്കയുള്ളതിനാലാണ് താരത്തെ ലീഡര്‍ഷിപ്പ് റോളുകളിലേക്ക് പരിഗണിക്കാത്തതെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കര്‍. ടെസ്റ്റ് ക്യാപ്റ്റനായി ബുംറയെ അല്ലാതെ മറ്റൊരു ഓപ്ഷനെ തെരയുന്നത് എന്നെ ഞെട്ടിക്കുന്നുവെന്ന് മഞ്ചരേക്കര്‍ പറഞ്ഞു.
ബുംറയുടെ പരിക്കില്‍ ആശങ്കയുണ്ടെങ്കില്‍ വൈസ് ക്യാപ്റ്റനെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ ഹാന്‍ഡിലായ എക്‌സ് പോസ്റ്റിലൂടെയാണ് താരം അഭിപ്രായം അറിയിച്ചത്.
‘ടെസ്റ്റ് ക്യാപ്റ്റനായി ബുംറയെ അല്ലാതെ മറ്റൊരു ഓപ്ഷനെ തെരയുന്നത് എന്നെ ഞെട്ടിക്കുന്നു! അദ്ദേഹത്തിന്റെ പരിക്കുകളെക്കുറിച്ച് ആശങ്കയോ? എങ്കില്‍ നിങ്ങളുടെ വൈസ് ക്യാപ്റ്റനെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കുക,’ മഞ്ചരേക്കര്‍ പറഞ്ഞു.
മുമ്പ് ബുംറ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ മൂന്ന് പ്രാവശ്യം നയിച്ചിട്ടുണ്ട്. 2022ല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചിരുന്നത് ബുംറയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലും ഇന്ത്യന്‍ ടീമിന്റെ നായക കുപ്പായത്തിലെത്തിയിട്ടുണ്ട്.
പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ബുംറയായിരുന്നു രോഹിത്തിന്റെ അഭാവത്തില്‍ ഒന്നാം ടെസ്റ്റിലും പരമ്പരയിലെ അവസാന ടെസ്റ്റിലും ഇന്ത്യയെ നയിച്ചിരുന്നത്. ഇതില്‍ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ താരത്തിന്റെ കീഴില്‍ വിജയിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റനായി മൂന്ന് ടെസ്റ്റില്‍ നിന്ന് താരം 15 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
പരമ്പരക്ക് പിന്നാലെ താരം പരിക്കേറ്റ് മൂന്ന് മാസത്തോളം കളിക്കളത്തിന് പുറത്തായിരുന്നു. പുറം വേദന കാരണം ചാമ്പ്യന്‍സ് ട്രോഫിയും ഐ.പി.എല്‍ ആദ്യ കുറച്ച് മത്സരങ്ങളും ബുംറയ്ക്ക് നഷ്ടമായിരുന്നു. ഇടക്കിടെയുണ്ടാകുന്ന പരിക്കും വര്‍ക്ക് ലോഡും പരിഗണിച്ചാണ് താരത്തെ ലീഡര്‍ഷിപ്പ് റോളിലേക്ക് കൊണ്ടുവരാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
കെ.എല്‍ രാഹുല്‍, റിഷബ് പന്ത് എന്നിവരാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് താരങ്ങള്‍.
Content Highlight: Sanjay Manjrekar Criticizes Indian selectors for not considering Jasprit Bumrah as test captain citing injury concerns