അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.
അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം 38 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മയുടെ വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് പിന്നാലെ ഇന്ത്യ 1-0ന് മുമ്പിലെത്തി.
മത്സരത്തില്‍ ഓപ്പണറായി അവസരം ലഭിച്ച സഞ്ജു സാംസണിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. എട്ട് പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പടെ 10 റണ്‍സാണ് താരം നേടിയത്. അസ്മത്തുള്ള ഒമര്‍സായിയുടെ പന്തില്‍ ഡാര്‍വിഷ് റസൂലിയുടെ കയ്യില്‍ കുരുങ്ങുകയായിരുന്നു സഞ്ജു.
സഞ്ജയ് മഞ്ജരേക്കര്‍
ഇപ്പോള്‍ സഞ്ജുവിന്റ മോശം പ്രകടനത്തെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സഞ്ജയ് മഞ്ജരേക്കര്‍. ലോകോത്തര കഴിവുള്ള പ്രതിഭയായിട്ടും സഞ്ജു തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥിരതയില്ലാത്ത പ്രകടനം കാരണമാണ് സഞ്ജുവിന് ടീമില്‍ സ്ഥിര സ്ഥാനം ലഭിക്കാത്തത് എന്ന് അദ്ദേഹം പറഞ്ഞു.
‘ലോകോത്തര കഴിവുള്ള പ്രതിഭയാണ് സഞ്ജു സാംസണ്‍. എന്നാല്‍ കുറച്ച് കാലമായി അദ്ദേഹം വളരെയധികം സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഏകദേശം ഒരു ദശാബ്ദമായി ഈ ടീമില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം സ്ഥിരമല്ലാത്തതിന്റെ കാരണം ഇതാണ്. ഒരു മത്സരത്തില്‍ വലിയ സ്‌കോര്‍ നേടുകയും അഞ്ച് മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്യാന്‍ കഴിയില്ല.
അദ്ദേഹം തന്റെ പ്രതിഭ പാഴാക്കുകയാണ്. 2024ലെ ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്തതുപോലെ കുറച്ചുകൂടി വിവേകത്തോടെ ബാറ്റ് ചെയ്യണമെന്ന് ആരെങ്കിലും അദ്ദേഹത്തോട് പറയേണ്ടതുണ്ട്. ഓരോ പന്തും അതിന്റെ മെറിറ്റിന് അനുസരിച്ച് അദ്ദേഹം കളിക്കണം. ടീമില്‍ സ്ഥാനത്തിനായി ശക്തമായ മത്സരം നിലനില്‍ക്കുന്നുണ്ട്. ഇവിടെ സഞ്ജു തനിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും പാഴാക്കുകയാണ്,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
ലോകകപ്പിന് ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. അയര്‍ലാന്‍ഡ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും മോശം പ്രകടനം നടത്തിയതിന് പിന്നാലെ സഞ്ജുവിനെ സിംബാബ്‌വേ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സഞ്ജുവിന് പകരം വൈഭവ് ആയിരുന്നു ഓപ്പണറായി കളത്തിലിറങ്ങിയിരുന്നത്. ഇപ്പോള്‍ അഫ്ഗാനെതിരായ പരമ്പര സഞ്ജുവിന് ഏറെ നിര്‍ണായകമാണ്.
Content Highlight: Sanjay Manjrekar Criticize Indian Opener Sanju Samson