സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ക്രിക്കറ്റ് കമന്റേറ്ററും മുന്‍ താരവുമായ സഞ്ജയ് മഞ്ജരേക്കര്‍. സ്വന്തം നാട്ടില്‍ ന്യൂസിലാന്‍ഡിനോടും സൗത്ത് ആഫ്രിക്കയോടും ഇന്ത്യ പരാജയപ്പെട്ടത് സ്പിന്നിലൂടെയാണെന്നും ഇന്ത്യന്‍ താരങ്ങള്‍ വിദേശ മത്സരങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്നും മഞ്ജരേക്കര്‍ പറഞ്ഞു. താരങ്ങള്‍ ഇന്ത്യയിലെ ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാത്തതിനാല്‍ പരിശീലനം ലഭിക്കില്ലെന്നും കമന്റേറ്റര്‍ ചൂണ്ടിക്കാണിച്ചു.
‘ഇന്ത്യ സ്വന്തം നാട്ടില്‍ ന്യൂസിലാന്‍ഡിനോടും സൗത്ത് ആഫ്രിക്കയോടും പരാജയപ്പെട്ടത് സ്പിന്നിലൂടെയാണ്. ഒരു ഇന്ത്യന്‍ ബാറ്റര്‍ ആഭ്യന്തര ക്രിക്കറ്റില്‍ സ്‌കോര്‍ നേടുമ്പോഴാണ് രാജ്യത്തിനായി കളിക്കാന്‍ അവസരം ലഭിക്കുക, അയാള്‍ ഒരു എന്‍.ആര്‍.ഐയെപ്പോലെയാകും. വിദേശ ക്രിക്കറ്റിലായിരിക്കും അയാള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍, റിഷബ് പന്ത് തുടങ്ങിയ ബാറ്റര്‍മാര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒമ്പത് മുതല്‍ 12 വരെ വിദേശ ടെസ്റ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്, പക്ഷേ അവര്‍ക്ക് ഇന്ത്യയില്‍ അത്രയും മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ കളിക്കുമ്പോള്‍, അവര്‍ സ്വന്തം നാട്ടില്‍ ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാതെയാണ് മത്സരങ്ങള്‍ക്ക് വരുന്നത്. അതിനാല്‍ അവര്‍ക്ക് വേണ്ടത്ര പരിശീലനം ലഭിക്കില്ല,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
ഇന്ത്യൻ ടീമും സൗത്ത് ആഫ്രിക്കൻ ടീമും
Photo: ബി.സി.സി.ഐ എക്സ്, പ്രോട്ടിയാസ് മെൻ എക്സ്
അതേസമയം 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ സൗത്ത് ആഫ്രിക്ക് ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ടീമും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ പലരും വിമര്‍ശിച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്ന് ഗംഭീറിനെ പുറത്താക്കില്ലെന്ന നിലപാടിലാണ് ബി.സി.സി.ഐയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
2027 വരെയാണ് ഗംഭീറിന്റെ കരാറെന്നും അതില്‍ മാറ്റമില്ലെന്നും ബി.സി.സി.ഐ പറഞ്ഞതായി എക്പ്രസ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാകിസ്ഥാനും താഴെയാണ് ഇന്ത്യയുടെ സ്ഥാനം.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയാണ്. നവംബര്‍ 30ന് റാഞ്ചിയിലാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം ഡിസംബര്‍ മൂന്നിന് റായിപൂരിലും മൂന്നാം മത്സരം ഡിസംബര്‍ ആറിന് വിശാഖപട്ടണത്തിലുമാണ്.
Content Highlight: Sanjay Manjrekar Criticize Indian Cricket Players