| Sunday, 9th August 2026, 9:19 pm

അദ്ദേഹത്തെ ഇന്ത്യ പലപ്പോഴും ഒഴിവാക്കുന്നത് വലിയ പിഴവാണ്; രൂക്ഷ വിമര്‍ശനവുമായി വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പൂര്‍ണമായും ഓള്‍റൗഡര്‍മാരല്ലാത്ത താരങ്ങളോട് അമിത താത്പര്യം കാണിക്കുന്നുവെന്ന് മുന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സഞ്ജയ് മഞ്ജരേക്കര്‍. അത്തരം താരങ്ങള്‍ക്ക് കുറച്ച് ബാറ്റ് ചെയ്യാനും കുറച്ച് ബൗള്‍ ചെയ്യാനും കഴിയുമെന്നും എന്നാല്‍ മത്സരത്തിന്റെ ഗതി മാറ്റിമറിക്കാന്‍ കഴിയുന്ന പ്രത്യേക മികവ് അവര്‍ക്കില്ലെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ ഉള്‍പ്പെടുത്താനാണ് ഇന്ത്യ മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിവുള്ള കുല്‍ദീപ് യാദവിനെ പലപ്പോഴായി പുറത്താക്കിയതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

‘ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇപ്പോള്‍ പൂര്‍ണമായും ഓള്‍റൗണ്ടര്‍മാരല്ലാത്ത താരങ്ങളോട് അമിതമായ താത്പര്യം കാണിക്കുന്നതായി തോന്നുന്നു. ഇത്തരം ‘ബിറ്റ്‌സ് ആന്‍ഡ് പീസസ്’ ഓള്‍റൗണ്ടര്‍മാര്‍ക്ക് എല്ലായ്പ്പോഴും മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയില്ല. അവര്‍ക്ക് കുറച്ച് ബാറ്റ് ചെയ്യാനും കുറച്ച് ബൗള്‍ ചെയ്യാനും കഴിയും, എന്നാല്‍ മത്സരത്തിന്റെ ഗതി മാറ്റിമറിക്കാന്‍ കഴിയുന്ന പ്രത്യേക മികവ് അവര്‍ക്കില്ല.

ഗൗതം ഗംഭീര്‍ ആഗ്രഹിക്കുന്നത് ഓരോ ബാറ്റര്‍ക്കും കുറച്ചെങ്കിലും ബൗള്‍ ചെയ്യാനും ഓരോ ബൗളര്‍ക്കും കുറച്ചെങ്കിലും ബാറ്റ് ചെയ്യാനും കഴിയണമെന്നാണ്. എന്നാല്‍ ഇത് എങ്ങനെയാണ് സാധ്യമാകുക? ഒന്നോ രണ്ടോ താരങ്ങള്‍ ഇത്തരത്തിലുള്ളവരാകാം. എന്നാല്‍ നാലോ അഞ്ചോ പേരെ ഇങ്ങനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ല.

ഇത്തരം താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനായി കുല്‍ദീപ് യാദവിനെ ഇന്ത്യ പലപ്പോഴും ഒഴിവാക്കുന്നത് വലിയ പിഴവാണ്. കുല്‍ദീപിന് ഒറ്റയ്ക്ക് തന്നെ മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയും. എന്നിട്ടും അദ്ദേഹം പലപ്പോഴും ടീമില്‍ നിന്ന് പുറത്താകുകയാണ്,’ സഞ്ജയ് മഞ്ജരേക്കര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. ബാറ്റര്‍മാരും ബൗളര്‍മാരും മികച്ച രീതിയിലാണ് പ്രകടനം നടത്തിയത്. ലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.

മത്സരത്തിന് മുന്നോടിയായി പരിക്ക് പറ്റിയ സായ് സുദര്‍ശന് പകരം സര്‍ഫറാസ് ഖാനെ സ്‌ക്വാഡില്‍ എത്തിച്ചിരിക്കുകയാണ് ഇന്ത്യ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നേറാന്‍ ഇന്ത്യയ്ക്ക് ഈ പരമ്പര ഏറെ നിര്‍ണായകമാണ്.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പുതിയ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്‍

Content Highlight: Sanjay Manjrekar Criticize Indian Cricket Management And Backs Kuldeep Yadav

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more