സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം നേടാന്‍ സാധിച്ചില്ല. 2026 ടി-20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ഇന്ത്യ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്താതെ പോവുകയായിരുന്നു. ഇപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയതിന് സഞ്ജുവിന് നിര്‍ദേശവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.
സഞ്ജു സാംസണ്‍ വിരാട് കോഹ്‌ലിയെ മാതൃകയാക്കണമെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ നിര്‍ദേശം നല്‍കിയത്. സഞ്ജു ടീമില്‍ നിന്നും പുറത്താവാനുള്ള പ്രധാന കാരണം ഫിറ്റ്‌നസിന്റെ പ്രശ്‌നമാണെങ്കില്‍ അത് ന്യായമായ തീരുമാനമാണെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
‘സാംസണ്‍ ടീമില്‍ നിന്നും പുറത്താവാനുള്ള യഥാര്‍ത്ഥ കാരണം ഫിറ്റ്‌നസ് മാത്രമാണെങ്കില്‍ അത് ന്യായമായ തീരുമാനവും. ഫിസിക്കല്‍ എബിലിറ്റി കുറവായതിനാല്‍ അത് സഞ്ജുവിന്റെ കരിയറിനും ടീമിലെ സ്ഥാനത്തിനും തിരിച്ചടിയാവും. ഈ സമയങ്ങളില്‍ സാംസണ്‍ വിരാട് കോഹ്‌ലിയുടെ അച്ചടക്കവും ഫിറ്റ്‌നസിനോടുള്ള ഡെഡിക്കേഷനും മാതൃകയാക്കണം,’ സഞ്ജയ് മഞ്ജരേക്കര്‍ എക്സില്‍ കുറിച്ചു.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. യുവതാരം വൈഭവ് സൂര്യവംശിയായിരുന്നു ഇന്ത്യക്കായി അരങ്ങേറിയിരുന്നത്. ടി-20 ലോകകപ്പിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത്.
മൂന്നാം മത്സരത്തില്‍ ഇന്ത്യ വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ത്രീ ലയന്‍സ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 11.4 ഓവറില്‍ വെറും 76 റണ്‍സിന് ഔട്ട് ആവുകയായിരുന്നു.
റണ്‍സിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ തുടര്‍ച്ചയായി അഞ്ച് ടി-20 മത്സരങ്ങളില്‍ വിജയിക്കാതെ പോകുന്നത്.
ലോകകപ്പിന് ശേഷം അയര്‍ലാന്‍ഡിനെതിരായ രണ്ട് മത്സരത്തില്‍ പരാജയപ്പെട്ടാണ് ഇന്ത്യ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ തുടങ്ങിയത്. ശേഷം ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരം മഴമൂലും ഉപേക്ഷിച്ചപ്പോള്‍ രണ്ടും മൂന്നും മത്സരത്തില്‍ തോല്‍വി വഴങ്ങുകയായിരുന്നു.
Content Highlight: Sanjay Manjarekar talks about Sanju Samson