| Wednesday, 7th January 2026, 8:14 am

വിരാട് എല്ലാ ഫോര്‍മാറ്റിലും വിരമിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ നന്നായിരുന്നു: സഞ്ജയ് മഞ്ജരേക്കര്‍

ശ്രീരാഗ് പാറക്കല്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ടിനെ പോലുള്ള താരങ്ങള്‍ പുതിയ ഉയരങ്ങളിലെത്തുമ്പോള്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചത് ഏറെ നിരാശാജനകമാണന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. വിരമിക്കുന്നതിന് മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ശരാശരി മെച്ചപ്പെടുത്താന്‍ വിരാട് പരിശ്രമിച്ചില്ല എന്നത് നിര്‍ഭാഗ്യകരമാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

മാത്രമല്ല വിരാട് കോഹ്‌ലി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ നന്നായിരുന്നെന്നും ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്ററെ സംബന്ധിച്ചിടത്തോളം ഏകദിന ക്രിക്കറ്റാണ് ഏറ്റവും എളുപ്പമുള്ള ഫോര്‍മാറ്റ് എന്ന് താന്‍ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള മത്സരത്തിൽ വിരാട് കോഹ്‌ലി Photo: BCCI/x.com

‘ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ട് പുതിയ ഉയരങ്ങളിലെത്തുമ്പോള്‍, വിരാട് കോഹ്‌ലിയെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. വിരമിക്കുന്നതിന് മുമ്പുള്ള അഞ്ച് വര്‍ഷങ്ങളില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ശരാശരി മെച്ചപ്പെടുത്താന്‍ വിരാട് പരിശ്രമിച്ചില്ല എന്നത് നിര്‍ഭാഗ്യകരമാണ്. ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ തുടങ്ങിയ കളിക്കാര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തങ്ങളുടെ പാരമ്പര്യം ഉറപ്പിക്കുന്നത് കാണുന്നത് അല്‍പം നിരാശാജനകമാണ്.

വിരാട് കോഹ്‌ലി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും വിരമിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. പക്ഷേ, വിരാട് ഏകദിന ക്രിക്കറ്റില്‍ മാത്രം തുടരാന്‍ തീരുമാനിച്ചത് എന്നെ കൂടുതല്‍ നിരാശപ്പെടുത്തുന്നു. ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്ററെ സംബന്ധിച്ചിടത്തോളം ഏകദിന ക്രിക്കറ്റാണ് ഏറ്റവും എളുപ്പമുള്ള ഫോര്‍മാറ്റ് എന്ന് ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ പരീക്ഷണം ടെസ്റ്റ് ക്രിക്കറ്റാണ്, അത് എല്ലാവിധത്തിലും നിങ്ങളെ വെല്ലുവിളിക്കുന്നു,’ സഞ്ജയ് മഞ്ജരേക്കര്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ മെയിലാണ് സൂപ്പര്‍ താരം വിരാട് കോഹ്‌ലി അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്. മാത്രമല്ല ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കൂടിയായികരുന്നു വിരാട്.

Content Highlight: Sanjay Manjarekar Talking About Virat Kohli

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more