ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളാണ് സഞ്ജയ് ദത്ത്. ബോളിവുഡിലെ മുന്‍നിര താരങ്ങളായ സുനില്‍ ദത്ത്, നര്‍ഗീസ് ദത്ത് എന്നിവരുടെ മകനാണ് താരം. റോക്കി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന സഞ്ജയ് ദത്ത് വളരെ വേഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടി. കരിയറിന്റെ ഉയരത്തില്‍ നില്‍ക്കുന്ന സമയത്ത് പല വിവാദങ്ങളും നേരിട്ട സഞ്ജയ് ദത്ത് ഇന്ന് സൗത്ത് ഇന്ത്യയിലും തിരക്കുള്ള നടനാണ്.
തമിഴിലെ ഇഷ്ടതാരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സഞ്ജയ് ദത്ത്. കമല്‍ ഹാസന്‍, രജിനികാന്ത് എന്നിവരുടെ സിനിമകള്‍ തന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും കാലത്തെ കരിയറില്‍ സൂപ്പര്‍സ്റ്റാറുകളായി നില്‍ക്കുക എന്ന് പറഞ്ഞാല്‍ അത് വലിയ കാര്യമാണെന്നും പലര്‍ക്കും അത് സാധിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. രജിനിയുമായും കമല്‍ ഹാസനുമായും ഇതുവരെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും അതിന് ആഗ്രഹമുണ്ടെന്നും സഞ്ജയ് ദത്ത് പറഞ്ഞു.
കൂലി എന്ന സിനിമക്കായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. വിജയ്‌യുമായി വര്‍ക്ക് ചെയ്തത് മികച്ച അനുഭവമായിരുന്നെന്നും തനിക്ക് അയാളെ ഇഷ്ടമായെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലോകേഷ് കനകരാജിനോട് തനിക്ക് ദേഷ്യമാണെന്ന് തമാശരൂപത്തില്‍ സഞ്ജയ് ദത്ത് പറഞ്ഞു. കെ.ഡി എന്ന കന്നഡ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തമിഴിലെ താരങ്ങളെയെല്ലാം എനിക്ക് ഇഷ്ടമാണ്. രജിനി സാര്‍, കമല്‍ സാര്‍ ഇവരോട് എനിക്ക് ബഹുമാനമാണ്. ഞാന്‍ സിനിമയിലെത്തിയ കാലത്ത് അവര്‍ ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. ഇന്നും അവര്‍ തന്നെയാണ് ടോപ്പില്‍. അധികം ആളുകള്‍ക്ക് ഇത് സാധ്യമല്ല. ഒരുപാട് കാലം സൂപ്പര്‍സ്റ്റാറായി നില്‍ക്കുക എന്ന് പറഞ്ഞാല്‍ അത് അത്ര എളുപ്പമല്ല.
രജിനി സാറോടൊപ്പവും കമല്‍ സാറിനോടൊപ്പവും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. നല്ല സബ്ജക്ടുകള്‍ ലഭിച്ചാല്‍ ഉറപ്പായും അവരോടൊപ്പം അഭിനയിക്കും. അവരെ മാത്രമല്ല, വിജയ്, അജിത് അങ്ങനെ എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. കഴിവും സ്റ്റാര്‍ഡവും ഒരുമിച്ച് കൊണ്ടുപോകുന്നവരാണ് അവരെല്ലാം. അതെല്ലാം മറ്റുള്ളവര്‍ക്ക് മാതൃകയാണ്.
വിജയ് സാറിനോട് എനിക്ക് ഒരുപാട് ഇഷ്ടമുണ്ട്. ലിയോ എന്ന സിനിമയില്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ വിജയ് മറ്റുള്ളവരോട് പെരുമാറുന്നത് കണ്ട് സന്തോഷം തോന്നി. സൂപ്പര്‍സ്റ്റാറാണെന്നുള്ള ചിന്തയൊന്നുമില്ല. അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ലോകേഷിനോട് എനിക്ക് ദേഷ്യമാണ്. ലിയോയില്‍ എനിക്ക് ചെറിയ വേഷമാണ് അയാള്‍ തന്നത്. അതിലാണ് എനിക്ക് ദേഷ്യം(ചിരിക്കുന്നു),’ സഞ്ജയ് ദത്ത് പറഞ്ഞു.
Content Highlight: Sanjay Dutt about Lokesh Kanagaraj and Vijay