പോസിറ്റീവായ ഫൂട്ട് വര്‍ക്ക് ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ടി-20 വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ സഞ്ജയ് ബംഗാര്‍. കഴിഞ്ഞ 28 ഇന്നിങ്‌സിലെ ഡയറക്ട് ഡെലിവറികളില്‍ ഗില്‍ പ്രശ്‌നം നേരിടുകയാണെന്നും ഇത് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റിനെ ബാധിക്കുന്നുവെന്നും ബംഗാര്‍ ചൂണ്ടിക്കാണിച്ചു.
ശുഭ്മന്‍ ഗില്‍, Photo: BCCI/x.com
‘തുടക്കത്തില്‍ അദ്ദേഹത്തിന് വളരെ പോസിറ്റീവ് ആയ ഒരു ഫൂട് വര്‍ക്ക് ഉണ്ടായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ 28 ഇന്നിങ്‌സിലെ ഡയരക്ട് ഡെലിവറികളില്‍ ഗില്‍ പ്രശ്‌നം നേരിടുകയാണ്. ഇത് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റിനെ ബാധിക്കുന്നു.
ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകള്‍ കളിക്കുമ്പോള്‍ ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റ് മികച്ചതാണ്, പക്ഷേ എഡ്ജുകളും അതില്‍ ഉണ്ടായിരുന്നു. അദ്ദേഹം റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി-20യില്‍ അദ്ദേഹം പുറത്തായത് മികച്ച പന്തിലായിരുന്നു. അത് ഏതൊരു ബാറ്ററേയും തിരിച്ചയക്കാമായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം ഫൂട് വര്‍ക്ക് മെച്ചപ്പെടുത്തണമെന്ന് തോന്നുന്നു,’ ബംഗാര്‍ പറഞ്ഞു.
അതേസമയം സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടി-20 മത്സരത്തില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പുറത്തായേക്കുമെന്ന് റിപ്പോര്‍ട്ട്. നാലാം ടി-20 മത്സരത്തിന് മുന്നോടിയായി നടന്ന ബാറ്റിങ് പരിശീലനത്തിനിടെ ഗില്ലിന് കാല്‍വിരലിന് പരിക്കേറ്റതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിക്ക് കൂടുതലായതിനാലാണ് താരം അഞ്ചാം മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യതയുള്ളതെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ഗില്‍ അവസാന മത്സരത്തില്‍ കളത്തിലിറങ്ങിയില്ലെങ്കില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. മോശം ഫോമില്‍ തുടരുന്ന ഗില്ലിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ഗില്ലിന് പരിക്ക് പറ്റിയതിനാല്‍ പുറത്താകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. പ്രോട്ടിയാസിനെതിരായ കഴിഞ്ഞ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് 10.66 ശരാശരിയിലും 103.22 സ്ട്രൈക്ക് റേറ്റിലും ഗില്‍ 32 റണ്‍സ് മാത്രമാണ് നേടിയത്.
അതേസമയം പരമ്പരയിലെ നാലാം മത്സരം കനത്ത മൂടല്‍ മഞ്ഞ് കാരണം ഉപേക്ഷിച്ചിരുന്നു. പരമ്പരയില്‍ ഇന്ന് നടക്കുന്ന അവസാന പരമ്പര ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. പരമ്പര സമനിലയിലാക്കാന്‍ പ്രോട്ടിയാസിന് വിജയം അനിവാര്യമാണ്. അതേസമയം 3-1 പരമ്പര വിജയിക്കാന്‍ ഇന്ത്യയും ലാസ്റ്റ് ഡാന്‍സില്‍ ജയിക്കേണ്ടതുണ്ട്.
Content Highlight: Sanjay Bangar Talking About Shubhman Gill