| Sunday, 12th January 2025, 11:23 am

യുവരാജിനെപ്പോലെ അനായാസം സിക്‌സര്‍ അടിക്കാന്‍ കഴിവുള്ള ഒരേയൊരു ബാറ്റര്‍ അവനാണ്: സഞ്ജയ് ബാംഗര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണറായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടം നേടിയിരുന്നു. അടുത്തിടെ നടന്ന ടി-20മത്സരങ്ങളില്‍ മിന്നും പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്.

ബാക്ക് ടു ബാക്ക് സെഞ്ച്വറികള്‍ ഉള്‍പ്പെടെ മൂന്ന് സെഞ്ച്വറികളാണ് കഴിഞ്ഞ വര്‍ഷം താരം നേടിയത്. ഇതോടെ ഇന്ത്യയുടെ ടി-20 ടീമില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.

ഇപ്പോള്‍ സഞ്ജുവിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ സഞ്ജയ് ബാംഗര്‍. മികച്ച രീതിയില്‍ സഞ്ജു റണ്‍സ് നേടുന്നുണ്ടെന്നും സഞ്ജുവിനെ ബാറ്റിങ് ഓര്‍ഡറിലേക്ക് പ്രമോട്ട് ചെയ്ത ടീം മാനേജ്‌മെന്റിനെയും അദ്ദേഹം അഭിനന്ദിച്ചു.

‘സഞ്ജു വിജയം കണ്ടതില്‍ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം വളരെക്കാലമായി കളിക്കുന്നു, അത് സമയത്തിന്റെയും ശരിയായ അവസരങ്ങളുടെയും പ്രശ്‌നമായിരുന്നു. ടീം മാനേജ്മെന്റ് അദ്ദേഹത്തിന് സ്ഥിരമായ സ്ഥാനവും സ്വാതന്ത്ര്യവും നല്‍കി,

അവന്‍ ബാറ്റിങ് ഓപ്പണ്‍ ചെയ്യുന്നു, കളിയുടെ സാഹചര്യത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ലാത്തതിനാല്‍ അത് അവനെ സ്വതന്ത്രനാക്കുന്നു. യുവരാജ് സിങ്ങിനെ പോലെ സിക്സറുകള്‍ അടിക്കാന്‍ അദ്ദേഹത്തിന് കഴിയും. ഇതെല്ലാം അനായാസം ചെയ്യാന്‍ കഴിയുന്ന ഒരു ബാറ്റര്‍ ഉണ്ടെങ്കില്‍ അത് സാംസണ്‍ ആയിരിക്കണം. അവന്‍ കാണാന്‍ ഒരു ട്രീറ്റാണ്,’ ബാംഗര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ടി-20ഐയില്‍ 37 മത്സരങ്ങളിലെ 33 ഇന്നിങ്സില്‍ നിന്ന് 810 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. 27.93 എന്ന ആവറേജിലും 155.17 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.

Content Highlight: Sanjay Bangar Talking About Sanju Samson

We use cookies to give you the best possible experience. Learn more