| Monday, 15th December 2025, 10:23 pm

ലേലത്തില്‍ ഏറ്റവും കൂടുതല്‍ പണം ലഭിക്കുക അവന്; തെരഞ്ഞെടുപ്പുമായി സഞ്ജയ് ബംഗാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2026 മിനി താര ലേലം നാളെ (ഡിസംബര്‍ 16ന്) ദുബായില്‍ നടക്കാനിരിക്കുകയാണ്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ പണം ലഭിക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങളില്‍ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ഡേവിഡ് മില്ലറും ഉണ്ടാകുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ സഞ്ജയ് ബംഗാര്‍. നിരവധി ടീമുകള്‍ക്ക് മില്ലറിനെ പോലെ ഫിനിഷിങ് കഴിവുള്ള താരത്തെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡേവിഡ് മില്ലര്‍, Photo: Sports Yaari.com

‘വരാനിരിക്കുന്ന ഐ.പി.എല്‍ ലേലത്തില്‍ ഏറ്റവും വിലയേറിയ മൂന്ന് താരങ്ങളില്‍ ഡേവിഡ് മില്ലര്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. നിരവധി ടീമുകള്‍ക്ക് അദ്ദേഹത്തെ പോലെ ഫിനിഷിങ് കഴിവുള്ള ഒരു താരത്തെ ആവശ്യമാണ്. ഗുജറാത്ത് ടൈറ്റന്‍സില്‍ കളിച്ച അനുഭവസമ്പത്ത് ടീമുകള്‍ക്ക് ഗുണം ചെയ്യും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും അദ്ദേഹത്തെ ലക്ഷ്യം വെക്കാന്‍ സാധ്യതയുണ്ട്. ആന്ദ്രെ റസലിന്റെ വിടവും കൊല്‍ക്കത്തയുടെ കൈവശമുള്ള പണവും ഇതിന് സഹായമാകും,’ സഞ്ജയ് ബംഗാര്‍ പറഞ്ഞു.

മിനി താരലേലത്തില്‍ 10 ഫ്രാഞ്ചൈസികളാണ് 77 സ്ലോട്ടുകളിലേക്കുള്ള താരങ്ങള്‍ക്ക് വേണ്ടി വടം വലിക്കുക. മൊത്തം 237.55 കോടിയാണ് മിനി താര ലേലത്തില്‍ 10 ഫ്രാഞ്ചൈസികളും കൂടി കളത്തിലിറക്കുന്നത്. നാളെ ഇന്ത്യന്‍ സമയം 2.30 പി.എമ്മിനാണ് ലേലം ആംരഭിക്കുക.

നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കയ്യിലാണ് ഏറ്റവും കൂടുതല്‍ പണമുള്ളത്. 64.3 കോടിയാണ് കൊല്‍ക്കത്തയുടെ പക്കലുള്ളത്. ഏറ്റവും കൂടുതല്‍ പണമുള്ള രണ്ടാമത്തെ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിങ്സാണ്.

അതേസമയം ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരന്‍ കാമറൂണ്‍ ഗ്രീന്‍ ആയിരിക്കുമെന്നും ക്രിക്കറ്റ് അനലിസ്റ്റുകള്‍ പറയുന്നുണ്ട്. കൊല്‍ക്കത്തയും ചെന്നൈയും താരത്തിന് വേണ്ടി വലിയ മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല വെങ്കിടേഷ് അയ്യര്‍, ലിയാം ലിവിംഗ്സ്റ്റണ്‍, രവി ബിഷ്ണോയ് എന്നിവരേയും ഫ്രാഞ്ചൈസികള്‍ ആകര്‍ഷിക്കും.

Content Highlight: Sanjay Bangar Talking About David Miller

We use cookies to give you the best possible experience. Learn more