| Monday, 7th September 2026, 3:31 pm

ഇനിയും കളിക്കാമായിരുന്നു, പടിയിറക്കം നേരത്തെയായിപ്പോയി; വിരാടിന്റെ വിരമിക്കലിനെ കുറിച്ച് മുന്‍ താരം

ആദർശ് എം.കെ.

ഇന്ത്യന്‍ ലെജന്‍ഡ് വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നുള്ള പടിയിറക്കം നേരത്തെയായിപ്പോയെന്ന് മുന്‍ താരം സഞ്ജയ് ബാംഗര്‍. വിരാട് ടെസ്റ്റ് ഫോര്‍മാറ്റില്‍ കുറച്ച് കാലം കൂടി കളിക്കേണ്ടിയിരുന്നുവെന്നും ബാംഗര്‍ അഭിപ്രായപ്പെട്ടു,

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഡി.ഡി സ്‌പോര്‍ട്‌സിലെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ഷോ’യില്‍ സംസാരിക്കവേയാണ് ബാംഗര്‍ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.

സഞ്ജയ് ബാംഗർ. Photo: Mahi Patel/x.com

വിരാട് കൂടുതല്‍ കാലം ടെസ്റ്റ് ക്രിക്കറ്റ് കളിക്കേണ്ടതായിരുന്നുവെന്ന് സമ്മതിച്ച ബാംഗര്‍, എന്നാല്‍ റെഡ് ബോള്‍ ഫോര്‍മാറ്റിന് വിരാമമിട്ട് സ്വന്തം വ്യക്തിജീവിതത്തിനും കുടുംബത്തിനും കൂടുതല്‍ സമയം നല്‍കാനാണ് അദ്ദേഹം തീരുമാനിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

ആ തീരുമാനത്തെ എല്ലാവരും ബഹുമാനിക്കണമെന്നും, ഇനി കളിക്കുന്ന മറ്റ് ഫോര്‍മാറ്റുകളില്‍ അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം ആസ്വദിക്കുകയാണ് ചെയ്യേണ്ടതെന്നും മുന്‍ താരം ഓര്‍മിപ്പിച്ചു.

‘ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. താങ്കള്‍ ഇനിയും കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നുവെന്ന് ഞാന്‍ തീര്‍ച്ചയായും വിരാടിനോട് പറയും. എന്നിരുന്നാലും, ഈ ഫോര്‍മാറ്റിന് ഒരു ഫുള്‍സ്‌റ്റോപ്പ് ഇടണമെന്നും സ്വന്തം വ്യക്തിജീവിതത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്നും അദ്ദേഹം ഉറപ്പിച്ചിരുന്നു.

വിരാട് കോഹ്‌ലി. Photo: BCCI

നമ്മള്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കേണ്ടതുണ്ട്. ഇനി മുതല്‍ അദ്ദേഹം കളിക്കുന്ന മത്സരങ്ങളിലും അത് നല്‍കുന്ന സന്തോഷത്തിലും നമ്മള്‍ ആസ്വദിക്കുകയാണ് വേണ്ടത്,’ ബാംഗര്‍ പറഞ്ഞു.

വിരാട് കോഹ്‌ലി ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണോ എന്ന ചോദ്യത്തിനും ബംഗാര്‍ കൃത്യമായ മറുപടി നല്‍കി.

‘അതെ, തികച്ചും കണക്കുകള്‍ എടുത്തു നോക്കുകയാണെങ്കിലും അങ്ങനെ തന്നെയാണ്. കാരണം ഒടുവില്‍ വിജയങ്ങളും തോല്‍വികളും തന്നെയാണ് കണക്കാക്കപ്പെടുന്നത്. അതുകൂടാതെ, ടീമിന്റെ സമീപനത്തില്‍ നമ്മള്‍ കണ്ട മാറ്റവും പ്രധാനമാണ്.

റിസള്‍ട്ടുകള്‍ ഒരു വശത്താണെങ്കില്‍, നമ്മളെ മറ്റു ടീമുകള്‍ ഏത് കോണിലൂടെയാണ് നോക്കിക്കാണുന്നത് എന്ന കാഴ്ചപ്പാടില്‍ വലിയ മാറ്റമുണ്ടായി.

വിരാട് കോഹ്‌ലി. Photo: BCCI

ഓരോ ടീമും അവരുടെ കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന് ഒരു പോസിറ്റീവ് ഇമേജ് ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഫാസ്റ്റ് ബൗളിങ്ങിന്റെ കരുത്തില്‍ ഇന്ത്യന്‍ ടീമിനെ ലോകം നോക്കിക്കാണുന്ന കാഴ്ചപ്പാട് തന്നെ മാറ്റാന്‍ വിരാട് ശ്രമിച്ചു. അത് വിരാട് കോഹ്‌ലിയുടെ വളരെ വലിയൊരു നേട്ടമായി തന്നെ നമ്മള്‍ പറയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024-25 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷമാണ് വിരാട് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2024 ടി-20 ലോകകപ്പ് വിജയത്തിന് ശേഷം ടി-20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ച അദ്ദേഹം ഇപ്പോള്‍ ഇന്ത്യക്കായി ഏകദിന മത്സരങ്ങളില്‍ മാത്രമാണ് തുടരുന്നത്.

വിരാട് കോഹ്‌ലി. Photo: BCCI

123 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 46.85 ശരാശരിയില്‍ 30 സെഞ്ച്വറിയടക്കം 9,230 റണ്‍സ് നേടിയാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞത്. അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ പതിനായിരം റണ്‍സ് പൂര്‍ത്തിയാക്കുമെന്ന് കരുതിയിരുന്നെങ്കിലും, ആ നേട്ടത്തിലെത്തും മുമ്പ് മോഡേണ്‍ ഡേ ലെജന്‍ഡ് പടിയിറക്കം പ്രഖ്യാപിക്കുകയായിരുന്നു.

Content Highlight: Sanjay Bangar says Virat Kohli’s retirement from Test cricket was premature.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more