| Saturday, 11th January 2025, 6:43 pm

സാക്ഷാല്‍ യുവരാജിന് ശേഷം അക്കാര്യം ചെയ്തു കാണിച്ചത് സഞ്ജു സാംസണ്‍ മാത്രം; വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത മാസം നടക്കാനിരിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയെ സംബന്ധിച്ച ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്ത് സജീവമാകുന്നത്. ടി-20 ലോകകപ്പിന് ശേഷം മറ്റൊരു ഐ.സി.സി കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യന്‍ സ്‌ക്വാഡില്‍ ആരൊക്കെ ഇടം പിടിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബാംഗര്‍. സഞ്ജുവിന്റെ പ്രകടനം കാണുമ്പോള്‍ ഏറെ സന്തോഷവാനാണെന്നും അനായാസമായാണ് താരം സ്‌കോര്‍ ചെയ്യുന്നതെന്നും ബാംഗര്‍ പറഞ്ഞു.

സഞ്ജയ് ബാംഗര്‍

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു ബാംഗറിന്റെ പരാമര്‍ശം.

‘നിലവില്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനം നടത്തുന്നതും നേട്ടങ്ങള്‍ കൈവരിക്കുന്നതും കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. ഏറെ കാലമായി അവന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് അവന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് എന്ന് മാത്രം. ഏതൊരു ബാറ്ററും തുടര്‍ച്ചയായി മൂന്നോ നാലോ മത്സരങ്ങള്‍ കളിക്കുമ്പോള്‍ അവര്‍ക്ക് സ്വാതന്ത്ര്യത്തോടെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നു.

ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് കയറി ബാറ്റ് ചെയ്യുമ്പോള്‍ അവന് സാഹചര്യങ്ങളെ കുറിച്ചൊന്നും ചിന്തിച്ച് ആശങ്കപ്പെടേണ്ടി വരില്ല. അവനൊരു സിക്‌സ് ഹിറ്ററാണ്, വളരെ എളുപ്പത്തില്‍ അവന് സിക്‌സറുകള്‍ നേടാന്‍ സാധിക്കും.

സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന സഞ്ജു സാംസണ്‍

യുവരാജിന് ശേഷം ഏതെങ്കിലും ഒരു ബാറ്റര്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി വളരെ എളുപ്പത്തില്‍ ഇങ്ങനെ സിക്‌സറുകള്‍ നേടിയിട്ടുണ്ടെങ്കില്‍ അത് സഞ്ജു സാംസണ്‍ മാത്രമാണ്. അവന്റെ വെടിക്കെട്ട് കാണുന്നത് തന്നെ വളരെ രസകരമാണ്,’ സഞ്ജയ് ബാംഗര്‍ പറഞ്ഞു.

സമീപകാലത്ത് ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരം 2024ല്‍ ഏറ്റവുമധികം അന്താരാഷ്ട്ര ടി-20 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കുട്ടിക്രിക്കറ്റില്‍ മാത്രമല്ല, ഏകദിനത്തിലും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. ഒടുവില്‍ കളിച്ച മത്സരത്തില്‍ താരം സെഞ്ച്വറിയും നേടിയിരുന്നു.

കെ.എല്‍. രാഹുലിനൊപ്പം സഞ്ജു സാംസണ്‍ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ഇടം നേടുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ റിഷബ് പന്താണ് സഞ്ജുവിന് ഭീഷണി ഉയര്‍ത്തുന്നത്.

ഏകദിനത്തില്‍ കളിച്ച 14 ഇന്നിങ്സില്‍ നിന്നും 56.66 എന്ന മികച്ച ശരാശരിയിലും 99.60 സ്ട്രൈക്ക് റേറ്റിലും 510 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും താരം കുറിച്ചിട്ടുണ്ട്.

സഞ്ജു സാംസണ്‍

അതേസമയം റിഷബ് പന്താകട്ടെ 27 ഇന്നിങ്സില്‍ നിന്നും 33.50 ശരാശരിയില്‍ 871 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ പന്ത് സ്വന്തമാക്കിയിട്ടുണ്ട്.

എന്നാല്‍ വിജയ് ഹസാരെ ട്രോഫി കളിക്കാത്തതിനാല്‍ സഞ്ജുവിന് ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കില്ല എന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നത്. വിജയ് ഹസാരെ കളിക്കാത്ത റിഷബ് പന്തിനെയാണ് അദ്ദേഹം രാഹുലിന് ശേഷം ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സഞ്ജുവിനെ മാത്രമല്ല, സൂര്യകുമാര്‍ യാദവിനെയും ചോപ്ര പരിഗണിക്കുന്നില്ല.

‘എനിക്ക് തോന്നുന്നത് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിന്റെ ഭാഗമികില്ല എന്നാണ്. അവന്‍ സാധാരണയായി ഏകദിനങ്ങള്‍ കളിക്കാറില്ല, വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം നടത്താനും അവന് സാധിച്ചിട്ടില്ല.

സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും

സഞ്ജു സാംസണാകട്ടെ വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചിട്ടുമില്ല. ഒരാള്‍ ടൂര്‍ണമെന്റ് കളിക്കുന്നില്ല, മറ്റൊരാള്‍ റണ്‍സ് നേടുന്നുമില്ല. അവരുടെ പേരുകള്‍ സ്‌ക്വാഡില്‍ ഉണ്ടാകില്ല,’ ആകാശ് ചോപ്ര പറഞ്ഞു.

Content Highlight: Sanjay Bangar praises Sanju Samson

We use cookies to give you the best possible experience. Learn more