| Sunday, 12th April 2026, 8:18 am

സിനിമ കാണാൻ പോയി സിനിമയിലെത്തിയ ആളാണ് ഞാൻ; ഭയം അഭിനയിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്: സഞ്ജന ദീപു

നന്ദന എം.സി

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ എന്ന ചിത്രത്തിൽ ‘മുല്ല’യായി എത്തി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് സഞ്ജന ദീപു. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരം, പിന്നീട് തെരഞ്ഞെടുത്ത വേഷങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ചു.

ഒടുവിൽ പുറത്തിറങ്ങിയ സീരീസായ റോസ്ലിൻ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായതോടെയാണ് സഞ്ജന വീണ്ടും വാർത്തകളിൽ നിറഞ്ഞത്. വിനായക് ശശികുമാർ തിരക്കഥ ഒരുക്കിയ സീരീസിൽ ശക്തമായ പ്രകടനമാണ് താരം കാഴ്ചവച്ചത്. ഇപ്പോഴിതാ മാതൃഭൂമി വരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സിനിമയിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് തുറന്നു പറയുകയാണ് സഞ്ജന.

‘സിനിമ കാണാൻപോയി സിനിമയിലെത്തിയ ഒരാളാണ് ഞാൻ. ഒരിക്കൽ തിയേറ്ററിൽനിന്ന് ഏതോ സിനിമ കണ്ടിറങ്ങുമ്പോഴാണ് ഗീതു ആന്റിയെ (ഗീതു മോഹൻദാസിനെ) അച്ഛൻ പരിചയപ്പെടുത്തിയത്.

ആ പരിചയത്തിലൂടെ മൂത്തോനിലേക്ക് ഒഡീഷൻ വിളിവരുകയും മുല്ല എന്ന കഥാപാത്രമായി സിനിമയിൽ അരങ്ങേറുകയുമായിരുന്നു. അതിനുശേഷം വലിയൊരു ഇടവേളയ്ക്കുശേഷമാണ് റോസ്‌ലിനിൽ അഭിനയിക്കുന്നത്.

മുല്ലയിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് റോസ്‌ലിൻ. തിരക്കഥ വായിച്ചപ്പോൾതന്നെ വളരെ ചലഞ്ചിങ്ങായ, വളരെ എഫേർട്ട് ആവശ്യമായ കഥാപാത്രമാണ് ഇതെന്ന് മനസിലായിരുന്നു. മികച്ച രീതിയിൽത്തന്നെ ചെയ്യാൻ പറ്റി എന്നാണ് വിശ്വാസം.

സംവിധായകനായ സുമേഷേട്ടനും തിരക്കഥാകൃത്തായ വിനായകേട്ടനും അഭിനയിക്കാൻ നല്ലരീതിയിൽ സഹായിച്ചു. ഓരോ കാര്യവും കൃത്യമായി പറഞ്ഞു തന്നു. ഒരുപാടുപേർ പലവഴികളിൽ അഭിനന്ദനം അറിയിക്കുന്നുണ്ട്,’ സഞ്ജന പറഞ്ഞു.

അഭിനയിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഇമോഷൻ ‘പേടി’യാണെന്നും താരം പറയുന്നു. കുട്ടിക്കാലം മുതൽ ഒരുപാട് ഹൊറർ സിനിമകൾ കണ്ടതാണ് അതിന് കാരണമെന്നാണ് താരം വ്യക്തമാക്കുന്നത്.

റോസ്ലിൻ, Photo; JioHotstar

സാധാരണയായി തനിക്ക് പേടി തോന്നാറില്ലാത്തതിനാൽ, റോസ്ലിൻ സീരീസിലെ ഭയവും വെപ്രാളവും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും സഞ്ജന കൂട്ടിച്ചേർത്തു.

അഭിനയത്തിൽ താത്പര്യമൊന്നുമില്ലാതിരുന്നെങ്കിലും സിനിമകൾ കാണുന്നതിനിടയിൽ ‘അഭിനയിച്ചാൽ കൊള്ളാമല്ലോ’ എന്നൊരു ചിന്തയാണ് പിന്നീട് ഈ രംഗത്തേക്ക് എത്തിച്ചതെന്നും താരം തുറന്നു പറഞ്ഞു.

സംവിധായകൻ ജീത്തു ജോസഫ് ഷോ റണ്ണറായി എത്തിയ റോസ്ലിൻ സീരീസ് നവാഗതനായ സുമേഷ് നന്ദകുമാർ സംവിധാനം ചെയ്തതാണ്. വർഷങ്ങൾക്ക് ശേഷം മീനയും വിനീതും ഒന്നിച്ചെത്തുന്ന ഈ സീരീസിൽ ഹക്കിം ഷാജഹാൻ, അനീഷ്മ അനിൽകുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Content Highlight: Sanjana Deepu talks about her entry into the film industry

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more